കരാറുകാരനെ നീക്കിയ റോഡ് 
പൂർത്തിയാക്കാൻ അതിവേഗ ടെൻഡർ



കോഴിക്കോട്‌  സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാത്തതിന് കരാറുകാരനെ നീക്കിയ റോഡ് നിർമാണം പുനരാരംഭിക്കാൻ അതിവേഗ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. കഴിഞ്ഞ ദിവസം കരാറുകാരനെ നീക്കിയ പേരാമ്പ്ര -–-താന്നിക്കണ്ടി - –-ചക്കിട്ടപാറ റോഡ്  പ്രവൃത്തി ടെൻഡർ നടപടിയിലേക്ക് കടന്നു. അവശേഷിക്കുന്ന പ്രവൃത്തിക്കുള്ള ടെൻഡർ നടപടിക്രമങ്ങൾ പുറത്തിറക്കി. നവംബർ ഒമ്പതാണ്  അവസാന തീയതി. 12ന് ടെൻഡർ തുറക്കും.       പ്രവൃത്തിയിൽ അലംഭാവം കാണിച്ച കരാറുകാരനെ  ഒഴിവാക്കാൻ തീരുമാനിച്ചപ്പോൾതന്നെ പ്രവൃത്തി തുടരാനുള്ള നടപടി ആരംഭിക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചിരുന്നു. പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടി വേണമെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎയും ആവശ്യപ്പെട്ടു. തുടർന്ന് സൂപ്രണ്ടിങ്‌ എൻജിനിയർ, എക്സി. എൻജിനിയർ എന്നിവരുടെ നേതൃത്വത്തിൽ  എസ്റ്റിമേറ്റ് തയ്യാറാക്കി. ഇത്‌ റോഡ്സ് വിഭാഗം ചീഫ് എൻജിനിയർ  അംഗീകരിച്ചു. ഇതോടെയാണ് ടെൻഡർ പ്രവൃത്തിയും ആരംഭിക്കാൻ തീരുമാനിച്ചത്. തുടർന്ന് കോഴിക്കോട് വടക്കൻ മേഖലാ റോഡ്സ് വിഭാഗം സൂപ്രണ്ടിങ്‌ എൻജിനിയർ ടെൻഡർ നടപടിക്രമങ്ങൾ പുറത്തിറക്കി. ഇത്‌ കഴിയുന്ന മുറയ്‌ക്ക്‌ നിർമാണ പ്രവൃത്തി പുനരാരംഭിക്കും.   ഈ റോഡിന്റെ നിർമാണത്തിലെ അലംഭാവം കാരണം കാസർകോട്ടെ എംഡി കൺസ്ട്രക്‌ഷനെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. പ്രവൃത്തി  പൂർത്തിയായില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് മന്ത്രിയും ടി പി രാമകൃഷ്ണൻ എംഎൽഎയും സ്ഥലം സന്ദർശിച്ചു. സമയബന്ധിതമായി പണി തീർക്കാൻ കരാറുകാർക്ക് മന്ത്രി നിർദേശം നൽകി. എന്നിട്ടും പുരോഗതി ഉണ്ടായില്ല.  തുടർന്നാണ് കരാറുകാരനെ നീക്കിയത്‌. Read on deshabhimani.com

Related News