ഫറോക്ക് റെയിൽവേ മേൽപ്പാലം: 
റോഡിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി



ഫറോക്ക്    ഫറോക്ക് റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെടുത്തി പുതിയ റോഡ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. മേൽപ്പാലവുമായി കരുവൻതിരുത്തിയെ ബന്ധിപ്പിക്കാനായി 1.45 കിലോമീറ്റർ റോഡാണ് വെസ്റ്റ് നല്ലൂർ പൂത്തോളം, പാണ്ടിപ്പാടംവഴി കരുവൻതിരുത്തി പാലം വരെ പുതുതായി നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.  കോഴിക്കോട്, മലപ്പുറം ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാനും കൊച്ചി–--കോഴിക്കോട്  തീരദേശപാതയിൽ  ഗതാഗതം കൂടുതൽ സുഗമമാക്കാനും ഉപകരിക്കുന്നതാണ് ഫറോക്ക് റെയിൽ മേൽപ്പാലം. ഇതിന്റെ നിർമാണം നേരത്തെ പൂർത്തിയായെങ്കിലും പൂർണതോതിൽ അപ്രോച്ച് റോഡും അനുബന്ധ റോഡുകളും പൂർത്തിയാകാത്തതിനാൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനായിട്ടില്ല.  തീരദേശ റോഡിൽ  ഫറോക്ക് റെയിൽ അടിപ്പാത വഴി പൊക്കം കൂടിയ ചരക്കു വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല . ഇവിടെചരക്കുവണ്ടികൾ കുരുങ്ങുന്നത്‌ പതിവാണ്. ഇതിന്‌ പരിഹാരമായാണ് പുതിയ മേൽപ്പാലം നിർമിച്ചത്. പുതിയ റോഡിന്‌ കിഫ്ബിയിൽ ഉൾപ്പെടുത്തി ഭൂമി ഏറ്റെടുക്കാൻ 60 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. കരുവൻതിരുത്തി വില്ലേജിലെ 2.4981 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 2.99 കോടി രൂപ ഇതിനായി കിഫ്ബിയിൽനിന്ന്‌ നേരത്തെ അനുവദിച്ചിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ ഫറോക്ക് മേഖലയുടെ സമഗ്ര വികസനത്തിന്‌ മുതൽക്കൂട്ടാകുമെന്ന്‌ മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News