കൈയടക്കിയ വഖഫ്‌ സ്വത്ത്‌ 
തിരിച്ചുപിടിച്ചു



  കോഴിക്കോട്  കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കോടികളുടെ വഖഫ്‌ സ്വത്ത്‌ കൈയടക്കിയവരിൽ നിന്ന്‌ തിരിച്ചുപിടിച്ചു. കുറ്റിക്കാട്ടൂർ യത്തീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത  ഇനി കുറ്റിക്കാട്ടൂർ മുസ്ലിം  ജമാഅത്ത് കമ്മിറ്റിക്കായിരിക്കും.  1999ൽ രഹസ്യമായുണ്ടാക്കിയ കമ്മിറ്റിക്ക് രണ്ട് ഏക്കർ പത്ത് സെന്റും സ്ഥാപനങ്ങളും വിൽപ്പന നടത്തിയെന്നായിരുന്നു പരാതി. കൈമാറ്റം  വഖഫ്‌ ബോർഡിന്റെ അനുമതിയില്ലാതെയാണെന്നായിരുന്നു കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിചൂണ്ടിക്കാട്ടിയത്‌. 2015ൽ റഷീദലി ശിഹാബ് തങ്ങൾ വഖഫ്‌ ബോർഡ് ചെയർമാനായിരിക്കെയാണ്‌ കൈമാറ്റം. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ്‌ബോർഡ് അംഗവുമായ എം സി മായിൻഹാജിയുടെ സഹോദരീ ഭർത്താവ് എ ടി ബഷീർ യത്തീംഖാന കമ്മിറ്റി പ്രസിഡന്റായിരിക്കെയാണ്‌  ഭരണഘടന ഭേദഗതി ചെയ്‌ത്‌ വിൽപ്പനക്ക്‌ ഒത്താശ ചെയ്തത്‌.   മാസം 35 ലക്ഷത്തിലധികം വരുമാനമുള്ള ഷോപ്പിങ്‌ കോംപ്ലക്‌സ്‌, യത്തീംഖാന ഓഫീസ്,  കലിക്കറ്റ്‌ സർവകലാശാലയിൽ അഫിലിയേറ്റ്‌ ചെയ്‌ത വിമൻസ് കോളേജ്, ദാറുൽ ഹുദ ജൂനിയർ കോളേജ്, ഓഫ്‌സെറ്റ് പ്രസ്, ക്ലിനിക്ക് തുടങ്ങിയവ ഉൾപ്പെടെയാണ് തിരികെ ലഭിച്ചത്. എല്ലാ രേഖകളും കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരിലേക്ക് മാറ്റി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു.    ജനുവരി അഞ്ചിന് ചേർന്ന വഖഫ്‌ ബോർഡ് യോഗമാണ് ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിട്ടത്. 15ന്  തഹസിൽദാർ തണ്ടപ്പേരിൽ മാറ്റം വരുത്താനും നികുതി സ്വീകരിക്കാനും തീരുമാനിച്ചു. ഇതേ തുടർന്നാണ് കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചതും നികുതി അടച്ചതും.  സംസ്ഥാന വഖഫ്‌ മന്ത്രിയുടെയും വഖഫ്‌ ബോർഡിന്റെയും ഇടപെടലിനെ തുടർന്നാണ് നടപടി വേഗത്തിലായത്‌.    Read on deshabhimani.com

Related News