എളമരംകടവ്‌ പാലം ഇന്ന്‌ നാടിന്‌ സമർപ്പിക്കും



  കോഴിക്കോട്‌ കോഴിക്കോട്, -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച്‌ ചാലിയാറിൽ നിർമിച്ച  എളമരം കടവ്‌ പാലം തിങ്കളാഴ്‌ച നാടിന്‌ സമർപ്പിക്കും. വൈകിട്ട്‌ 5.30ന്  മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. എംപിമാരായ എളമരം കരീം, ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്ദുസമദ് സമദാനി, എം കെ രാഘവൻ, എംഎൽഎമാരായ പി ടി എ റഹീം, ടി വി ഇബ്രാഹിം തുടങ്ങിയവർ   പങ്കെടുക്കും. പാലം തുറന്നുനൽകുന്നതോടെ ഗതാഗത, വാണിജ്യ, വ്യാവസായിക, വിദ്യാഭ്യാസ, വിനോദ സഞ്ചാര, കാർഷിക മേഖലയിൽ വൻ കുതിപ്പിന്‌ വഴിയൊരുക്കും.   മലപ്പുറം ജില്ലയിൽനിന്നും കോഴിക്കോട് നഗരത്തിലും വയനാട് ജില്ലയിലും  അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ മൈസൂരു, ബംഗളൂരു, ഊട്ടി എന്നീ പ്രമുഖ നഗരങ്ങളിലും എളുപ്പത്തിൽ എത്താനാവും. കോഴിക്കോട് മെഡിക്കൽ കോളേജ്, കെഎംസിടി മെഡിക്കൽ കോളേജ്, എംവിആർ ക്യാൻസർ സെന്റർ, എൻഐടി, ഐഐഎം, സിഡബ്‌ള്യുആർഡിഎം, മിൽമ കോഴിക്കോട് ഡെയറി എന്നിവിടങ്ങളിലേക്ക് നഗരം ചുറ്റാതെ എത്തിപ്പെടാം. അതോടൊപ്പം വയനാട് ജില്ലക്കാർക്കും കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മലയാളം സർവകലാശാല, കോട്ടക്കൽ ആര്യവൈദ്യ ശാല എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താം. വരാൻ പോകുന്ന പാലക്കാട് –--കോഴിക്കോട് ഹരിത ഹൈവേ കടന്ന് പോകുന്നത് എളമരം പാലത്തിന് സമീപത്ത് കൂടിയാണ്‌.   അതിനാൽ പാലക്കാട്, കോയമ്പത്തൂർ ഭാഗങ്ങളിലേക്കുള്ള യാത്രയും സുഗമമാവും.    ദേശീപാത 766 (കൊല്ലകൽ - കോഴിക്കോട്), എൻഎച്ച്‌ -66 (കോഴിക്കോട് - തൃശ്ശൂർ ),  എൻഎച്ച്‌ 966 (കോഴിക്കോട് -പാലക്കാട് ), തീരദേശ ഹൈവേയായ കോഴിക്കോട് - പൊന്നാനി, മലയോര ഹൈവേയായ കൈതപ്പൊയിൽ - നിലമ്പൂർ തുടങ്ങിയ സുപ്രധാന പാതകളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡായി ഇത് മാറും. കേന്ദ്ര റോഡ് ഫണ്ടിൽനിന്നും 35 കോടി രൂപ ചെലവഴിച്ചുള്ള പാലം പിടിഎസ്‌ ഹൈടെക്‌ പ്രോജക്ട്‌  ഇന്ത്യ ലിമിറ്റഡാണ്‌ നിർമിച്ചത്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി എളമരം കരീമിന്റെ ഇടപെടലിനെ തുടർന്നാണ്‌ എളമരം കടവ് പാലം നിർമാണം  സിആർഎഫിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്‌. 2019 മാർച്ച്  ആറിനായിരുന്നു  തറക്കല്ലിട്ടത്. പത്ത് തൂണുകളിലായി 350 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്.  ഒന്നര മീറ്റർ വീതിയിൽ ഇരുഭാഗത്തുകൂടിയും നടപ്പാതയുണ്ട്. Read on deshabhimani.com

Related News