ലോറിയും കാറും
കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു



വടകര ദേശീയപാതയിൽ നാദാപുരം റോഡ് കെ ടി ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് പീപ്പിൾസ് റോഡിൽ രാഖി നിവാസിൽ ഗിരിജ(64), മകൻ രാഗേഷ്(37) എന്നിവരാണ് മരിച്ചത്.  കാറിൽ ഒമ്പത് പേരാണ് യാത്രചെയ്തത്. കുട്ടികളടക്കം പരിക്കേറ്റ ഏഴുപേരെ    മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മരിച്ചവരുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്‌ മാറ്റി. ഞായറാഴ്ച പകൽ 12.45 നാണ് അപകടം. കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങവേയാണ്‌ അപകടം.  വടകരനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന എം എച്ച് 12 ക്യുഡബ്ലു -6411 ലോറിയാണ് എതിരെവന്ന കെ എൽ 11 എ എൽ- 3147 മഹിന്ദ്ര സൈലോ കാറിൽ ഇടിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് വാഹനം ഓടിച്ച രാഗേഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും രാഗേഷ് മരിച്ചിരുന്നു. ഗിരിജയെ വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.   രാഗേഷിന്റെ ഭാര്യ ദീപ്തി, മക്കളായ അനാമിക, അദ്വിക, രാഗേഷിന്റെ സഹോദരി രാഖി, ഇവരുടെ ഭർത്താവ് ജ്യോതിഷ്, മക്കളായ തീർത്ഥ, ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്. അനാമികയുടെയും തീർത്ഥയുടെയും നില ഗുരുതരമാണ്. അപകടത്തിൽ കാർ പൂർണമായി തകർന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. Read on deshabhimani.com

Related News