മഴക്കാല മുന്നൊരുക്കം പൂർണം



കോഴിക്കോട്‌ ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി പി എ  മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുവരെ നടത്തിയ മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ചേർന്ന    യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.     50 പഞ്ചായത്തുകളിലെ 83 ജലാശയങ്ങളിൽനിന്നും ഒഴുക്ക് തടസപ്പെടുത്തുന്ന ചളിയും  മാലിന്യങ്ങളും നീക്കം ചെയ്തു.  കോർപറേഷൻ, നാല് മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തി. മാഹിപുഴ, കോരപ്പുഴ, ചാലിയാർ, കുറ്റ്യാടി പുഴ എന്നിവിടങ്ങളിലെ എക്കൽ നീക്കുന്ന പ്രവൃത്തിയും പൂർത്തിയാക്കി.  28 വില്ലേജുകളിലായി 71 പ്രദേശങ്ങളിലാണ് മണ്ണിടിച്ചിൽ സാധ്യതയുള്ളതായി നിലവിൽ കണ്ടെത്തിയിട്ടുള്ളത്‌. ഈ പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങളേയും കണ്ടെത്തി അവരുടെ ഫോൺ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടാകുന്ന സമയത്ത് അവരെ  പാർപ്പിക്കാനുള്ള ഷെൽട്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തുകളുടെയും പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ആവശ്യമാണ്.  മൂന്ന് അണക്കെട്ടുകളുടെയും എമർജൻസി ആക്‌ഷൻ പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞു.      കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ  ഓവുചാൽ തടസപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണും.   തദ്ദേശസ്വയംഭരണം, പൊലീസ്, അ​ഗ്നി സുരക്ഷ, ആരോ​ഗ്യം, ജലസേചനം, കെഎസ്ഇബി, ഫിഷറീസ് എന്നീ വകുപ്പുകൾക്ക് മന്ത്രി യോ​ഗത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകി.   മുഴുവൻ സന്നാഹങ്ങളോടുംകൂടിയുള്ള 20 അംഗ എൻഡിആർഎഫ് ടീം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നതായി  കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി യോഗത്തിൽ അറിയിച്ചു. Read on deshabhimani.com

Related News