കളിമൺ ഇഷ്ടികക്കമ്പനികൾ
അടച്ചുപൂട്ടൽ ഭീഷണിയിൽ



  ഫറോക്ക് നിയമവിരുദ്ധമായ ഇഷ്ടികക്കമ്പനികൾ സജീവമായതോടെ അംഗീകൃത കളിമൺ ഇഷ്ടിക വ്യവസായ മേഖല അടച്ചു പൂട്ടലിലേക്ക്. കള്ളക്കമ്പനികളുടെ അനധികൃത ഉൽപ്പാദനം പരമ്പരാഗത ചെറുകിട വയർ കട്ട് -കളിമൺ ഇഷ്ടിക വ്യവസായത്തെ അട്ടിമറിക്കുന്നതായാണ്‌ പരാതി. അതിരുകടന്ന കളിമൺ ഖനനം കനത്ത പാരിസ്ഥിതികാഘാതങ്ങൾക്കും വഴിയൊരുക്കും. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കരുളായി, മൂത്തേടം ഭാഗങ്ങളിൽ അഞ്ച്, ആറ് വാർഡുകളിലും പന്നിച്ചോല, ഭൂമിക്കുത്ത്, ചെറുപുഴ, മൈലമ്പാറ, നെല്ലിക്കുത്ത്, ചെട്ട്യാരങ്ങാടി, പാലേങ്കര, മാമ്പാട്, വണ്ടൂർ, അമരമ്പലം, പുള്ളിപ്പാടം, എടവണ്ണ തുടങ്ങിയ വില്ലേജുകളിലുമാണ് അനധികൃത കമ്പനികൾ പ്രവർത്തിക്കുന്നത്. നേരത്തേ കോഴിക്കോട്, വയനാട് ജില്ലകളിലും നിരവധി അനധികൃത കമ്പനികളുണ്ടായിരുന്നെങ്കിലും നിരന്തര പരാതിയെ തുടർന്ന് കർശന നടപടി സ്വീകരിച്ച്‌ ഇല്ലാതാക്കി. സാധാരണ കമ്പനികൾക്ക് 1000 ഇഷ്ടിക നിർമിക്കാൻ 6000 രൂപയുടെ ഒരു ലോഡ് കളിമണ്ണ് വേണം. കള്ളക്കമ്പനിക്കാർ 5000 രൂപക്ക് ഒരു സെന്റ് സ്ഥലത്തുനിന്ന്‌ 35 ലോഡ് കളിമണ്ണ് ശേഖരിക്കും. 10 മീറ്റർ വരെ ആഴത്തിൽ കളിമണ്ണ് കുഴിച്ചെടുത്താണ് വ്യാപകമായ തോതിൽ ഇഷ്ടിക നിർമി ച്ച് അനധികൃതമായി വിറ്റഴിക്കുന്നത്. സർക്കാരിലേക്ക് ഒരു നികുതിയും നൽകാതെ ചുരുങ്ങിയ കൂലിയിൽ അതിഥിത്തൊഴിലാളികളെ ഉപയോഗപ്പെടുത്തി വൻ  ലാഭം കൊയ്യുമ്പോൾ പിടിച്ചുനിൽക്കാൻ വഴി തേടുകയാണ്  നിയമാനുസരണം പ്രവർത്തിക്കുന്ന കമ്പനികൾ. മലബാറിൽ ഇരുനൂറോളം കമ്പനികളുണ്ടായിരുന്നത് 28 ആയി കുറഞ്ഞതായും മലബാർ വയർ-കട്ട് ബ്രിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ എം താജിബ് പറഞ്ഞു. Read on deshabhimani.com

Related News