"മലബാർ കലാപം' ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് 
കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി മുഹമ്മദ് റിയാസ്



വടകര ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിന്റെ ചൂഷണത്തിനുമെതിരെ  കർഷകരെയും മറ്റ് ജനവിഭാഗങ്ങളെയും അണിനിരത്തിയ മലബാർ കലാപത്തിന് മറ്റ് മാനങ്ങൾ നൽകുന്നതിന് പ്രത്യേക ലക്ഷ്യമുണ്ടെന്നും മലബാർ കലാപത്തെക്കുറിച്ച്‌  ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച മലബാർ കലാപം നൂറാം വാർഷികത്തിന്റെ സംസ്ഥാന തല സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.    വർഷം 100 കഴിഞ്ഞിട്ടും  കുപ്രചാരണങ്ങൾകൊണ്ട് മലബാർ സമരത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.  സമരത്തിൽ പങ്കെടുത്തവരെ വർഗീയവാദികളും മതരാഷ്ട്രത്തിനായി നിലകൊണ്ടവരുമാണെന്ന് വരുത്തിത്തീർക്കുകയാണ്. ചരിത്രത്തെ  വളച്ചൊടിക്കാൻ രാജ്യം ഭരിക്കുന്നവർതന്നെ നേതൃത്വം നൽകുകയാണ്. മലബാർ ചരിത്രസ്മാരകങ്ങളെ ബന്ധിപ്പിച്ച് ടൂറിസ്റ്റ് സർക്യൂട്ടിന് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. മലബാർ കലാപം വസ്തുതയും പാഠവും സെമിനാറിൽ എ എം ഷിയാസ് വിഷയം അവതരിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. കെ വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു, കെ ചന്ദ്രൻ, എൻ ഉദയൻ, ഡോ. കെ ദിനേശൻ, എ എം ഷിനാസ് എന്നിവർ സംസാരിച്ചു.  വി കെ മധു സ്വാഗതവും എം ജനാർദനൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News