തെരുവുകളെ ഉണർത്തി 
‘വിൽക്കാനിനി എന്താണ്‌ ബാക്കി’



കോഴിക്കോട്‌ ജനങ്ങൾക്കുമേൽ ഭരണാധികാരികൾ അടിച്ചേൽപ്പിക്കുന്ന ദുരിതങ്ങൾ കഥാപാത്രങ്ങളിലൂടെ ഉറക്കെ പറഞ്ഞ്‌ തെരുവുകളിൽ സജീവമാകുകയാണ്‌ ‘ വിൽക്കാനിനി എന്താണ്‌ ബാക്കി’ നാടകം. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ പൊതുമുതൽ വിറ്റും ഇന്ധനവില വർധിപ്പിച്ചും നാടിനെ ഇരുട്ടിലാക്കുന്നതിന്റെ കാഴ്‌ചകളാണ്‌ അനീഷ്‌ മലയങ്കണ്ടിയുടെ ‘വിൽക്കാനിനി എന്താണ്‌ ബാക്കി’  പങ്കുവയ്‌ക്കുന്നത്‌.  മുപ്പതോളം വേദികളിൽ നാടകം അരങ്ങേറി. രചനയും സംവിധാനവും അനീഷാണ്‌. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സജീവ പ്രവർത്തകരായ കത്തലാട്ട്‌ പ്രകാശനും സുമിതയുമാണ്‌  അഭിനേതാക്കൾ.  പാതിരാത്രിയിൽ കെ റെയിലിന്റെ കുറ്റി പിഴുതെടുക്കുന്ന ഭർത്താവിനോട് കാലിക പ്രസക്തമായ ചോദ്യം ചോദിക്കുന്ന ഗൃഹനാഥയിൽനിന്നാണ്‌ നാടകം തുടങ്ങുന്നത്‌. പ്രതിദിനം വിലകൂടുന്ന ഗ്യാസ്‌ കുറ്റി നിറയ്‌ക്കാനാവാതെകിടക്കുകയാണ്‌. ഈ കുറ്റി നിറച്ചിട്ട്‌ പോരെ കെ റെയിലിന്റെ കുറ്റി പൊരിക്കലെന്ന്‌ ഭാര്യ ചോദിക്കുന്നിടത്താണ്‌  ‘വിൽക്കാനിനി എന്താണ്‌ ബാക്കി’ ആരംഭിക്കുന്നത്‌.  പ്രതിഷേധക്കാരെ ഇല്ലാതാക്കൻ  ഗോഡ്‌സെയുടെ തോക്ക്‌ ചൂണ്ടി   പൊതുമേഖലയും  കാർഷിക മേഖലയും വിൽക്കാൻ വയ്‌ക്കുന്ന കച്ചവടക്കാരനെയും നാടകത്തിൽ കാണാം. ജയ്‌ഭോലോ അദാനിജീ ജയ്ഭോലോ അംബാനിജീ എന്ന മുദ്രാവാക്യത്തോടെയാണ്‌ നാടകം അവസാനിക്കുന്നത്‌. Read on deshabhimani.com

Related News