ആമിനയുടെ കടയിൽ 
എല്ലാവർക്കും രാഷ്‌ട്രീയം പറയാം

റിപ്പബ്ലിക് ആമിന നാടക പരിശീലനത്തിനിടെ


കോഴിക്കോട്‌ പൊതുഇടങ്ങളിൽ പെണ്ണിനെന്താണ്‌ കുഴപ്പമെന്ന ചോദ്യമാണ്‌ റിപ്പബ്ലിക്‌ ആമിന വിരൽചൂണ്ടി നമ്മളോട്‌ ഉയർത്തുന്നത്‌. ചായക്കടയും ആൽത്തറയും വായനശാലയും ഉൾപ്പെടെയുള്ള പൊതുഇടങ്ങളിൽ എന്താണ്‌ പേരിനുപോലും പെൺതരികളെ കാണാത്തതിന്റെ രാഷ്ട്രീയം ആമിന മണിമണിയായി പറയുന്നുണ്ട്‌. വിങ്‌സ്‌ ഓഫ്‌ കേരളയാണ്‌ ‘റിപ്പബ്ലിക് ആമിന’ നാടകം അരങ്ങിലെത്തിക്കുന്നത്‌.  ‘‘കയിലുകൾ പിടിക്ക്‌ണ കൈകളുണ്ട്‌ ഉയരണ്‌, കൈകളിൽ കിലുങ്ങുണ വളകൾ ഒച്ചകൂട്ടണ്‌.’’–- ചായക്കടയിൽ വളകൾ കിലുങ്ങുന്ന രാഷ്ട്രീയമാണ്‌ കെ ടിയുടെ ഓർമദിനത്തിൽ സ്‌ത്രീകൾ അരങ്ങിലെത്തിക്കുന്നത്‌.  സ്‌ത്രീകൾ അനുഭവിക്കുന്ന വിഷയങ്ങളെ വിട്ടുവീഴ്‌ചയില്ലാതെ വിചാരണചെയ്യുന്ന നാടകം ശനിയാഴ്‌ച അരങ്ങിലെത്തും. നളന്ദ ഓഡിറ്റോറിയത്തിൽ രാത്രി ഏഴിനാണ്‌ ആദ്യ അവതരണം.  ഒരു ജനുവരി 26നായിരുന്നു ആമിനയുടെ ജനനം. ആമിന ചായക്കട തുടങ്ങിയതും 26നായിരുന്നു. അതോടെ ആമിന ‘റിപ്പബ്ലിക് ആമിന’ എന്നായി. ആർക്കും രാഷ്ട്രീയം പറയാമെന്ന സ്വാതന്ത്ര്യമുണ്ട്‌ ആമിനയുടെ കടയിൽ. കെട്ടിട ഉടമ ദിനേശൻ കട ഒഴിപ്പിക്കാൻ ശ്രമിക്കുന്നതോടെയാണ്‌ നാടകത്തിന്റെ ട്വിസ്‌റ്റ്‌. കോടതിയും പൊലീസും ദിനേശന് അനുകൂലമാണെങ്കിലും സ്ത്രീകളുടെ ചെറുത്തുനിൽപ്പുകൾ വിജയം കാണുന്നു.  മുസ്ലിം സമുദായത്തിലെ സ്‌ത്രീകൾ സ്വത്തവകാശത്തിൽ അനുഭവിക്കുന്ന ദുരിതങ്ങളും നാടകം വരച്ചിടുന്നു.  കോഴിക്കോട്‌, കണ്ണൂർ, വയനാട്‌, മലപ്പുറം, തൃശൂർ ജില്ലകളിലുള്ളവരാണ്‌ നാടകത്തിന്റെ അണിയറയിൽ. കെ എം സോയ, എം പി ജസീന, ടി പി പ്രമീള, പി എം ദീപ, സൂര്യപ്രിയ, പി സജിനി, ജിനി ഏലക്കാട്ട്‌, അഡ്വ. സുധ ഹരിദ്വാർ എന്നിവരാണ്‌ വേഷമിടുന്നത്‌. പി എം ദീപ, അഡ്വ. സുധ ഹരിദ്വാർ എന്നിവരാണ്‌ രചന. ഷിബു മുത്താട്ടാണ്‌ സംവിധാനം. അഭി ജെ ദാസ്‌, വിനോദ്‌ നിസരി, ധീരജ്‌ പുതിയനിരത്ത്‌ എന്നിവരാണ്‌ പിന്നണിയിൽ. Read on deshabhimani.com

Related News