ഐഎൻഎൽ നേതാവിന്റെ വീടിന്‌ തീയിട്ടു

കത്തിനശിച്ച സ്കൂട്ടർ


കായക്കൊടി  ഐഎൻഎൽ കുറ്റ്യാടി മേഖലാ ചെയർമാൻ ഇടക്കണ്ടി പോക്കറുടെ വീടിനുനേരെ ആക്രമണം. ഞായർ പുലർച്ചെ 2.30നാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് സ്‌കൂട്ടറുകളും വീടിന്റെ മുൻഭാഗത്തെ വാതിലും ഫർണിച്ചറും അഗ്‌നിക്കിരയാക്കിയത്‌. ശബ്ദംകേട്ട് പോക്കറും കുടുംബവും ഉണർന്നപ്പോഴാണ്  വിവരമറിയുന്നത്. പുക അകത്തുകയറി മകൾക്കും ഇവരുടെ മൂന്നുമാസം പ്രായമായ കുഞ്ഞിനും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുണ്ടായി. തുടർന്ന്‌ ആശുപത്രിയിൽ ചികിത്സതേടി. വീടിനുനേരെയുള്ള അക്രമത്തിനും തീവയ്‌പിനും തൊട്ടിൽപ്പാലം പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. നാദാപുരം ഡിവൈഎസ്‌പി വി വി ലതീഷ്, കോഴിക്കോട് റൂറൽ വിരലടയാള വിദഗ്‌ധസംഘത്തിലെ ജിജീഷ്‌ പ്രസാദ്, ബിനീഷ് എന്നിവരും പേരാമ്പ്രയിൽനിന്ന് എത്തിയ ഡോഗ് സ്ക്വാഡും ശാസ്‌ത്രീയ വിദഗ്‌ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.   ഇ കെ വിജയൻ എംഎൽഎ, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ്‌ ഒ പി ഷിജിൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ കെ ദിനേശൻ, കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, ഐഎൻഎൽ നേതാക്കളായ കെ ജി ലത്തീഫ്, സി എച്ച് ഹമീദ്, റഷീദ്‌ കാവിൽ തുടങ്ങിയവർ വീട്‌ സന്ദർശിച്ചു.   Read on deshabhimani.com

Related News