ദേശീയപാത വികസനം: പ്രയാസങ്ങൾ 
പരിഹരിച്ച്‌ നഗരസഭ



വടകര ദേശീയപാത വികസന വിഷയത്തിൽ അതീവ ശ്രദ്ധചെലുത്തി നാടിന്റെ പ്രയാസങ്ങൾക്ക്‌ പരിഹാരം കണ്ടെത്തി വടകര നഗരസഭ. പുതിയ കൗൺസിൽ  അധികാരമേറ്റ് അഞ്ച് മാസത്തിന്‌ പിന്നാലെയായിരുന്നു ദേശീയപാത വിശദ പദ്ധതി രേഖ കൗൺസിലിന്‌ മുന്നിലെത്തിയത്‌. വിശദമായി പഠിച്ച ഭരണക്കാർ ദേശീയ പാത വികസിപ്പിക്കുമ്പോൾ നഗരത്തിനുണ്ടാകാവുന്ന പ്രയാസങ്ങൾ മനസ്സിലാക്കി. തുടർന്ന്‌ 2021 മെയ് 22ന്  നാഷണൽ ഹൈവേ എൻജിനിയർ  ഗോപകുമാറിന്റെ നേതൃത്വത്തിൽ നഗരസഭാ എൻജിനിയർമാർ, ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സ്ഥിരം സമിതി അധ്യക്ഷൻ എന്നിവർ പെരുവാട്ടിൻ താഴെ മുതൽ മൂരാട് പാലം വരെ ഫീൽഡ്  പഠനം നടത്തി. ഓരോ പ്രദേശത്തും വരാവുന്ന ബുദ്ധിമുട്ട്‌ മനസ്സിലാക്കിയ സംഘം ബദൽ നിർദേശങ്ങൾ മുന്നോട്ടുവച്ചു.  പ്രധാന ന്യൂനത പെരുവാട്ടിൻ താഴെ മുതൽ കരിമ്പനപ്പാലം വരെ മേൽപ്പാലം ഇല്ല എന്നതായിരുന്നു.  രണ്ട് അടിപ്പാതകളും  ആവശ്യമായിരുന്നു. വടകര പട്ടണത്തിന്റെ ഭൂരിഭാഗം സ്ഥലവും മണ്ണിട്ട് ഉയർത്തി രണ്ട് ഭാഗങ്ങളായി മാറുമെന്നതും  പ്രധാനപ്പെട്ട പല ഭാഗങ്ങളിലും ക്രോസിങ് ഇല്ല എന്നതും ന്യൂനതയായിരുന്നു. ഇതടക്കമുള്ള പ്രശ്‌നങ്ങൾ മനസ്സിലാക്കിയ നഗരസഭ  മെയ് 31ന് കൗൺസിൽ ചേർന്ന്‌ പ്രമേയം പാസാക്കി. ഇത്‌ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി എന്നിവർക്ക്  ഇ - മെയിൽ ചെയ്തു. പിന്നാലെ ഏപ്രിൽ 20ന്  കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി  അർമാനി ഗിരിധറിനെ ഡൽഹിയിൽ പോയി കണ്ട സംഘത്തിന്‌ നഗര പരിധിയിൽ മേൽപ്പാലവും കരിമ്പനപ്പാലം മുതൽ പുതുപ്പണം വരെയുള്ള പ്രധാന ഭാഗങ്ങളിൽ അടിപ്പാതയോ ഫൂട്ട്‌ ഓവർ ബ്രിഡ്ജോ നിർമിക്കാമെന്ന ഉറപ്പും കിട്ടി. പിന്നാലെ 900 മീറ്ററിൽ  എലിവേറ്റഡ് ഹൈവേ പാസായ ഉത്തരവ് 2002 ജൂൺ 23ന് നഗരസഭക്ക് ലഭിച്ചു.  പണി തുടങ്ങിയാൽ കരാറുകാരായ അദാനി ഗ്രൂപ്പുമായും ദേശീയപാത എൻജിനിയറിങ് വിഭാഗമായും  കൂടിയാലോചന നടത്തി പ്രശ്‌നമെന്തെങ്കിലുമുണ്ടെങ്കിൽ പരിഹരിക്കാമെന്ന ധാരണയും ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ടുതവണ ചർച്ചനടത്തി.  ഡ്രെയിനേജ്, ക്രോസിങ്‌, കാൽനടക്കാരുടെ പ്രശ്നം എന്നിവക്ക്‌ പരിഹാരം നിർദേശിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ ഉറപ്പ് ലഭിച്ചിട്ടുണ്ട്‌. ഇത്തരത്തിൽ നഗരസഭാ ഇടപെടലിന്റെ ഭാഗമായുണ്ടായ നേട്ടം ജനങ്ങളിൽ എത്തിക്കാൻ ആരെങ്കിലും ബോർഡുകൾ വച്ചിട്ടുണ്ടെങ്കിൽ അത്‌ സ്വാഭാവികം മാത്രമാണ്‌. ജനങ്ങൾക്കൊപ്പം എന്നുമുണ്ടാവുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News