ആശുപത്രി അതിക്രമങ്ങളിൽ അടിയന്തര നടപടി വേണം: കെജിഎംഒഎ



കോഴിക്കോട്‌  ആശുപത്രികളിലെ അതിക്രമങ്ങളിൽ കാലതാമസമില്ലാതെ കേസെടുത്ത്‌ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന്‌ കെജിഎംഒഎ സമ്മേളനം  ആവശ്യപ്പെട്ടു. വിഐപി ഡ്യൂട്ടി സംബന്ധിച്ച മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക,  ഓരോ ജില്ലയിലും 24 മണിക്കൂറും ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, അനസ്തേഷ്യോളജിസ്റ്റ് എന്നീ സേവനമുള്ള   ഡെലിവറി പോയിന്റുകൾ ആരംഭിക്കുക, ഡോക്ടർമാരുടേയും അനുബന്ധ ജീവനക്കാരുടേയും തസ്തിക സൃഷ്ടിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.     ഉദ്ഘാടനവും അവാർഡ് ദാനവും   മന്ത്രി  വീണാ ജോർജ് നിർവഹിച്ചു.  ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അപാകങ്ങൾ പരിഹരിക്കാൻ  നടപടി  സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എൻ  സുൽഫി, കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. നിർമ്മൽ ഭാസ്കർ, കെജിഐഎംഒ സംസ്ഥാന പ്രസിഡന്റ്‌  ഡോ. പി കെ വിനോദ്  എന്നിവർ സംസാരിച്ചു.     ചടങ്ങിൽ  ഡോ. എം പി  സത്യനാരായണൻ മെമ്മോറിയൽ മാധ്യമ പുരസ്കാരം   ജസ്റ്റിന തോമസിനും   സന്നദ്ധ പ്രവർത്തനത്തിനുള്ള ഡോ. എസ്  വി  സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്  ട്രാക്ക്‌ ട്രോമ കെയർ കാസർകോട്‌  എന്ന എൻജിഒയ്‌ക്കും നൽകി.   മികച്ച സേവനം കാഴ്ചവച്ച ഡോക്ടർമാർക്കുള്ള പുരസ്കാരങ്ങൾ  ഡി  വസന്തദാസ്,   വി കെ പി ഗീത,   പി കെ ദിവ്യ, പി ആർ ബിജുമോൻ എന്നിവരും ഏറ്റുവാങ്ങി. ഭാരവാഹികൾ: കെജിഎംഒഎ സംസ്ഥാന പ്രസിഡന്റായി ഡോ. ടി എൻ സുരേഷിനെയും ജനറൽ സെക്രട്ടറിയായി  ഡോ. പി കെ സുനിലിനെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News