ഭക്ഷണത്തിലരുത് വെറുപ്പ്

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീമിന്റെ നേതൃത്വത്തിൽ നേതാക്കൾ പാരഗൺ ഹോട്ടലിൽ നിന്ന്‌ ഭക്ഷണം കഴിക്കുന്നു


കോഴിക്കോട്‌ ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തുന്നതിലും തെളിമയുള്ള രാഷ്‌ട്രീയമുണ്ടെന്ന ഓർമപ്പെടുത്തലായി യുവജന നേതാക്കൾ. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീമിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ ഹലാൽ ഭക്ഷണ വിവാദമുയർന്ന കോഴിക്കോട്ടെ പാരഗൺ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചാണ്‌ വർഗീയ രാഷ്‌ട്രീയത്തോട്‌ പൊരുതാൻ ആഹ്വാനംചെയ്തത്. ഹലാൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലിലെത്തി കഴിക്കണമെന്ന എസ്ഡിപിഐ ക്യാമ്പയിനെതിരെക്കൂടിയാണ്‌ നേതാക്കൾ പാരഗൺ ഹോട്ടലിലെത്തിയത്‌. ഭക്ഷണപ്പെരുമ തേടി ആളുകളെത്തിയിരുന്ന ഹോട്ടലിന്റെ ഉടമയുടെ മതം ഇതുവരെ ആരും അന്വേഷിച്ചിരുന്നില്ല. എസ്‌ഡിപിഐ ഹലാൽ പട്ടിക തയ്യാറാക്കിയപ്പോൾ തുപ്പലും കഫവുമില്ലാത്ത ഹോട്ടൽ എന്ന കാറ്റഗറിയുണ്ടാക്കിയായിരുന്നു സംഘപരിവാർ പ്രൊഫൈലുകളുടെ പ്രചാരണം.  ഹോട്ടലുടമകളെ മതപരമായി വേർതിരിച്ചായിരുന്നു ഇരുകൂട്ടരുടെയും ക്യാമ്പയിൻ. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനടക്കം ഈ വാദവുമായി മുന്നോട്ടുവന്നപ്പോഴാണ്‌ ഭക്ഷണത്തിൽ വെറുപ്പ്‌ കലർത്തരുത്‌ എന്ന ആഹ്വാനവുമായി യുവജന നേതാക്കൾ ഹോട്ടലിലെത്തിയത്‌. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ്‌, പ്രസിഡന്റ്‌ എൽ ജി ലിജീഷ്‌, പി ഷിജിത്ത്‌, അഖിൽ ഉണ്ണിക്കൃഷ്‌ണൻ എന്നിവരും റഹീമിനൊപ്പമുണ്ടായിരുന്നു.  ‘വിശപ്പിലും വെറുപ്പ് കലർത്തുന്നവർക്കെതിരെ ജാഗ്രതൈ’ തലക്കെട്ടോടെ റഹീം ഫേസ്‌ബുക്കിൽ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വെെറലായി. Read on deshabhimani.com

Related News