നെഞ്ചിടിപ്പേറാതെ സൗജന്യ ചികിത്സ

നെഞ്ചുരോഗാശുപത്രിയിലെ ഐസിയു,


കോഴിക്കോട്   ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന അവസ്ഥ നമുക്കാർക്കും ചിന്തിക്കാനാവില്ല. ശരിയായ ചികിത്സ തുടങ്ങുമ്പോൾ മാത്രമാണ് ശ്വാസതടസ്സത്തിന്റെ യഥാർഥ  കാരണമറിയുക. ശ്വാസകോശ സംബന്ധമായ എല്ലാ അസുഖങ്ങളും കണ്ടെത്തി  സൗജന്യമായി അത്യാധുനിക ചികിത്സ നൽകി രോഗികളെ  ചേർത്തുനിർത്തുകയാണ് മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി.  എല്ലാ ദിവസവും പ്രവർത്തിക്കുന്ന  ഒപിയിൽ ദിവസേന 250 രോഗികളെത്തുന്നു. ഇവരിൽ പത്തുപേരെ കിടത്തിച്ചികിത്സക്കായി പ്രവേശിപ്പിക്കുന്നു. നേരത്തെ കണ്ടെത്തി  ചികിത്സിച്ചാൽ നിയന്ത്രിക്കാനാവുന്നതാണ്‌  ശ്വാസകോശ അർബുദം.  സമീപത്തുള്ള  ടെർഷ്യറി ക്യാൻസർ കെയർ സെന്ററുമായി(ടിസിസി) ചേർന്നാണ് ചികിത്സ. രോഗം കണ്ടെത്താനും വ്യാപനം നിർണയിച്ച് ചികിത്സ നൽകാനും എൻഡോസ്കോപ്പി അൾട്രാ സൗണ്ട് പ്രവർത്തന സജ്ജമാണ്. ഇതുപയോഗിച്ചുള്ള പരിശോധനക്ക് പുറത്ത്‌ 35,000മാണ് ചെലവ്. കണ്ടെത്താൻ നന്നേ പ്രയാസമുള്ള അർബുദ കോശങ്ങളെ കണ്ടെത്തി ചികിത്സിക്കാനാവുന്ന  അത്യാധുനിക യന്ത്രം ഉടൻ സ്ഥാപിക്കും. അർബുദ മുഴകൾ കണ്ടെത്താനും ഘട്ടം നിർണയിക്കാനും നീക്കം ചെയ്യാനും ഉപയോഗിക്കുന്ന യന്ത്രം നാലെണ്ണവും ശ്വാസകോശത്തിൽ ദ്രാവകം നിറയുന്നത് നിയന്ത്രിക്കുന്ന യന്ത്രം മൂന്നെണ്ണവും സജ്ജമാണ്. ഡിഎൽസിഒ എക്സൈസ് ടെസ്റ്റ്, സ്ലീപ് സ്റ്റഡി എന്നിവയാണ് മറ്റ് സംവിധാനങ്ങൾ. 30 കട്ടിലുകൾ വീതമുള്ള രണ്ട് വാർഡുകളുണ്ട്. 11 കട്ടിലുകൾ ഉൾപ്പെടെ മറ്റ് സംവിധാനങ്ങളോടെ ഐസിയു കഴിഞ്ഞവർഷമാണ് ആരംഭിച്ചത്.  ഉയർന്ന തോതിൽ ഓക്സിജൻ വേണ്ടവർക്കായി 24 കട്ടിലുകളുള്ള വിഭാഗവുമുണ്ട്. ട്യൂമർ എടുത്തുമാറ്റാനും ബയോക്സി ചെയ്യാനും ഇലട്രോ സർജറി യൂണിറ്റും ട്രയോ സർജറി യൂണിറ്റും പ്രവർത്തിക്കുന്നു. പുകവലി നിയന്ത്രിക്കാനുള്ള ക്ലിനിക് വ്യാഴാഴ്ചകളിൽ പ്രവർത്തിക്കുന്നു. ടിബി ബാധിതരെ കണ്ടെത്തി തൊട്ടടുത്തുള്ള പ്രത്യേക ക്ലിനിക്കിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.    അനസ്ത്യേഷ്യ യന്ത്രമുണ്ടെങ്കിലും ഡോക്ടറുടെ സേവനം ലഭിക്കാത്തത് സങ്കീർണ ശസ്ത്രക്രിയകൾക്ക് പ്രയാസമുണ്ടാക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ പി സൂരജ് പറഞ്ഞു. തുണികൾ അണുവിമുക്തമാക്കാൻ പവർ ലോൺട്രിയും ഉപകരണങ്ങളുടെ പുനരുപയോഗത്തിനായി സംവിധാനവും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News