മേപ്പയൂരിൽ സ്പോർട്സ് 
ഫെസിലിറ്റേഷൻ സെന്റർ

മേപ്പയൂർ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്യുന്നു


പേരാമ്പ്ര മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ കായികമന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. കായികമേഖലയ്‌ക്കായി  സംസ്ഥാന സർക്കാർ ഫണ്ടിൽനിന്ന്‌ 360 കോടിയുടെയും  കിഫ്ബിയിൽനിന്ന്‌ 1100 കോടിയുടെയും പശ്ചാത്തല സൗകര്യ വികസനം  നടക്കുന്നതായി മന്ത്രി പറഞ്ഞു.  ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. 6.43 കോടി രൂപ ചെലവിലാണ്  സെന്റർ നിർമിച്ചത്. 200 മീറ്റർ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, സെവൻസ്  ഫുട്ബോൾ ടർഫ്, ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ കോർട്ടുകൾ എന്നിവയാണ് സജ്ജീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ടി ആർ ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വിദ്യാലയ മികവ് പുരസ്കാര വിതരണവും കായിക പ്രതിഭകൾക്കുള്ള അനുമോദനവും യുഎസ്എസ്, വിഎച്ച്എസ്ഇ ജേതാക്കൾക്കുള്ള ഉപഹാരവും മന്ത്രി വിതരണംചെയ്തു. മാന്ത്രിക ശ്രേഷ്ഠ പുരസ്കാര ജേതാവ് ശ്രീജിത്ത് വിയ്യൂരിന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി രാജൻ ഉപഹാരം നൽകി. കായിക അധ്യാപകരെ കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്‌ ടി പി ദാസൻ ആദരിച്ചു. മേപ്പയൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബാലൻ ജേഴ്സി വിതരണംചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, ജില്ലാ പഞ്ചായത്ത് അംഗം സി എം ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ പി ശോഭ, ബ്ലോക്ക് പഞ്ചായത്തംഗം എ പി രമ്യ, സ്ഥിരംസമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തംഗം പി പ്രശാന്ത്, എസ്എംസി ചെയർമാൻ ഇ കെ ഗോപി, പ്രിൻസിപ്പൽ എച്ച് എം കെ നിഷിദ്, കെ രാജീവൻ, ഇ അശോകൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം സക്കീർ സ്വാഗതവും ദിനേശ് പാഞ്ചേരി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News