കോൺഗ്രസിന്റെ മൂലക്കല്ല്‌ ഇളകി:
എളമരം കരീം

കെ പി അനിൽ കുമാറിന് സിപിഐ എം ജില്ലാ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ.


കോഴിക്കോട്‌> മൂലക്കല്ലിളകിയ കെട്ടിടം പോലെയാണ്‌ കോൺഗ്രസിന്റെ അവസ്ഥയെന്നും അധിക കാലം നിലനിൽക്കാതെ നിലംപതിക്കുമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി.  കോൺഗ്രസ്‌ വിട്ട  കെപിസിസി  മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിന്‌ സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നൽകിയ സ്വീകരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.    ജനാധിപത്യപരമായി നേതാവിനെ തെരഞ്ഞെടുക്കാൻ കഴിയുന്നില്ലെന്നതാണ്‌ കോൺഗ്രസ്‌ നേരിടുന്ന പ്രശ്‌നം. തെരഞ്ഞെടുക്കപ്പെട്ട നേതൃത്വം വേണമെന്ന്‌ ആവശ്യപ്പെട്ട 23 നേതാക്കളെയാണ്‌  നീക്കം ചെയ്‌തത്‌. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെ അതിജീവിക്കാൻ കോൺഗ്രസിനാകില്ല.   പാർടി വിട്ടതോടെ അനിൽകുമാറിനെ വ്യക്തിഹത്യ ചെയ്യാനാണ്‌ ചില കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുന്നതെന്നും ജനം ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കഴിയുന്നത്‌ സിപിഐ എമ്മിനാണെന്ന്‌ തിരിച്ചറിയുന്ന നിരവധിയാളുകൾ ഇനിയും കോൺഗ്രസ്‌ വിട്ട്‌ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറിയറ്റ്‌ അംഗം ടി പി ദാസൻ അനിൽകുമാറിനെ സ്വീകരിച്ചു. ടി ദാസൻ, എം ഗിരീഷ്‌, കെ ദാമോദരൻ തുടങ്ങിയവരും ഹാരമണിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News