കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ യാത്ര; 257 വാഹനങ്ങൾ പിടികൂടി

കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ യാത്രചെയ്‌തതിന്‌ പിടികൂടിയ ഇരുചക്രവാഹനങ്ങൾ സിറ്റി പൊലീസ്‌ മേധാവിയുടെ ഓഫീസിൽ എത്തിച്ചപ്പോൾ


കോഴിക്കോട് കോവിഡ്‌ മാനദണ്ഡം  ലംഘിച്ച്‌ യാത്രനടത്തിയ 257 വാഹനങ്ങൾ പൊലീസ്‌ പിടികൂടി. സിറ്റി പൊലീസ്‌ പരിധിയിൽ മാത്രം മാസ്ക് ധരിക്കാത്തതിന് 960 കേസുകളും കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്ക് 646 കേസുകളുമാണെടുത്തത്‌. കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 11,562 ആളുകളെ താക്കീത്‌ ചെയ്‌തു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 52 കടകളും അടപ്പിച്ചു. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുമായെത്തിയ 15 രക്ഷിതാക്കൾക്കെതിരെ നിയമ നടപടിയും സ്വീകരിച്ചു. കോവിഡ്‌ മാനദണ്ഡം പാലിക്കാതെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന്‌ സിറ്റി പൊലീസ്‌ മേധാവി നിർദേശംനൽകി. കടകളുടെ വലിപ്പമനുസരിച്ച്‌ സാമൂഹ്യ അകലം പാലിച്ചുവേണം ആളുകളെ പ്രവേശിപ്പിക്കാൻ.  തിരക്ക് നിയന്ത്രിക്കാൻ മാർക്കിങ്‌ നടത്തുകയും ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും വേണം.  ആളുകൾ കൂട്ടമായെത്തിയാൽ പരിമിതമായ എണ്ണം അനുവദിച്ച്‌ ഷട്ടർ പകുതി താഴ്ത്തി വയ്‌ക്കണം. നിയന്ത്രണം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടിയുണ്ടാകും. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളും മുതിർന്ന പൗരന്മാരും പൊതു സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കണം. കുട്ടികളെയും മുതർന്ന പൗരൻമാരെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ്‌ മേധാവി എ വി ജോർജ്‌  അറിയിച്ചു.     Read on deshabhimani.com

Related News