സിസ്റ്റർ ലിനി അനുസ്മരണവും ഡ്രസ് ബാങ്ക് ഉദ്ഘാടനവും

കെജിഎൻഎ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ഡ്രസ്ബാങ്ക് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


പേരാമ്പ്ര സിസ്റ്റർ ലിനിയുടെ ഓർമകളിൽ അലിഞ്ഞ് പേരാമ്പ്ര താലൂക്ക് ആശുപത്രിയും ജീവനക്കാരും. ലിനിയുടെ അഞ്ചാം ചരമവാർഷികദിനത്തിൽ കേരള ഗവ. നഴ്സസ് അസോസിയേഷൻ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ഡ്രസ് ബാങ്ക് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു അധ്യക്ഷനായി. സിസ്റ്റർ ലിനിയുടെ വീടിനുമുന്നിൽ കടന്തറപുഴക്ക് കുറുകെ നിർമിച്ച ലിനി സ്മാരക ഇരുമ്പുപാലം 23ന് നാടിന് സമർപ്പിക്കും. പേരാമ്പ്ര താലൂക്ക് ആശുപത്രിക്കുവേണ്ടി നിർമിക്കുന്ന ബഹുനില കെട്ടിടത്തിൽ ലിനിയുടെ നാമധേയത്തിൽ പ്രത്യേക ബ്ലോക്ക് സജ്ജീകരിക്കുമെന്ന്‌ എംഎൽഎ പറഞ്ഞു. ഡ്രസ് ബാങ്കിലേക്ക് എച്ച്ഡിസി ജീവനക്കാർ സംഭാവന ചെയ്ത വസ്ത്രങ്ങൾ കെജിഎച്ച്ഡിസി സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ സുധീഷിൽനിന്ന്‌ എംഎൽഎ ഏറ്റുവാങ്ങി. അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ എത്തുന്നവർക്കും കൂട്ടിരിപ്പു കാരില്ലാത്ത രോഗികൾക്കും അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ ഇനി മുതൽ സൗജന്യമായി ഡ്രസ് ബാങ്കിൽ നിന്ന് ലഭിക്കും. മെഡിക്കൽ ഓഫീസർ ഡോ. കെ ഗോപാലകൃഷ്ണൻ, ഡോ. സി കെ വിനോദ്, ഹെൽത്ത് സൂപ്പർവൈസർ പി വി മനോജ് കുമാർ, ജിനിമോൾ ജോസഫ് എന്നിവർ സംസാരിച്ചു. കെജിഎൻഎ ജില്ലാ സെക്രട്ടറിയറ്റംഗം അമൃത സ്വപ്നക്കൂട് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ്‌ റോസ്‌ പോളി നന്ദിയും പറഞ്ഞു. കല്ലോടുള്ള ലിനി സ്മാരക ബസ് വെയിറ്റിങ് ഷെഡ് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണവും അനുസ്മരണവും നടത്തി.   Read on deshabhimani.com

Related News