അടച്ചുപൂട്ടിയ കല്ലാച്ചി മത്സ്യ മാർക്കറ്റിൽ 
ചിക്കൻ വിൽപ്പന

കല്ലാച്ചി മത്സ്യ മാർക്കറ്റിലെ ബിസ്മില്ല ചിക്കൻ സ്റ്റാൾ പഞ്ചായത്ത് സെക്രട്ടറി 
ടി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ സീൽ ചെയ്യുന്നു


നാദാപുരം കല്ലാച്ചി ചിയ്യൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചെന്ന സംശയത്തെ തുടർന്ന് അടച്ച് പൂട്ടിയ കല്ലാച്ചി  മത്സ്യ മാർക്കറ്റിൽ ചിക്കൻ വിൽപ്പന നടത്തിയതിനെ തുടർന്ന് ലൈസൻസ്‌ റദ്ദാക്കി കട സീൽ ചെയ്തു. പഞ്ചായത്ത്‌ ഉത്തരവ് ലംഘിച്ച് ശനിയാഴ്ച പുലർച്ചെ നാലോടെയാണ് ബിസ്മില്ല ചിക്കൻ സ്റ്റാൾ തുറന്ന് പ്രവർത്തിച്ചത്. ഇരുപതോളം പേർക്ക് ഇറച്ചി വിൽപ്പന നടത്തിയെന്നാണ് വിവരം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് വാർഡ് മെമ്പർ നിഷ മനോജ് കട പൂട്ടാൻ ഉടമയോട് ഫോണിൽ ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്‌ച പകൽ ഒന്നോടെ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, എൻ വി കെ സുനിൽ, എൻ കെ പ്രദീഷ്, എൻ രജീഷ്  എന്നിവരടങ്ങിയ സംഘം  മാർക്കറ്റിലെത്തി കട സീൽ ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ് കടയുടെ ലൈസൻസ് പഞ്ചായത്ത്‌ റദ്ദ് ചെയ്തിരിക്കുന്നത്. ഉടമയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.  വ്യാഴാഴ്ച രാത്രിയാണ് ചിയ്യൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചത്‌. കല്ലാച്ചി മത്സ്യ മാർക്കറ്റിൽ നിന്ന്‌ വാങ്ങിയ ചെമ്മീൻ കഴിച്ചതിനെ തുടർന്ന്‌ ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ്‌ സംശയിക്കുന്നത്‌. ഇതേ തുടർന്നാണ് മാർക്കറ്റ് പൂട്ടിച്ചത്.   Read on deshabhimani.com

Related News