പാകമാവുന്നുണ്ട്‌, എല്ലാവരുടെയും രുചിവൈവിധ്യം

കോവൂരിലെ സമൂഹ അടുക്കളയിൽനിന്ന്‌


കോഴിക്കോട്‌  എല്ലാവർക്കും വേണ്ടിയുള്ള വിഭവങ്ങളാണ്‌ കോവൂരിലെ സമൂഹ അടുക്കളയിൽ വേവുന്നത്‌. ഓഫീസിലും മറ്റും നെട്ടോട്ടമോടി തളർന്നവർക്കും പഠനത്തിനും ജോലി ആവശ്യാർഥവും തനിച്ചു താമസിക്കുന്നവർക്കും ഒന്നിനും നേരമില്ലെന്ന്‌ ആധികൊള്ളുന്നവർക്കുമെല്ലാം കോഴിക്കോട്‌  കോർപറേഷന്റെ പൊതുഅടുക്കളയുടെ ഭാഗമാകാം. പിടിച്ചുപറിയില്ലാതെ, വൃത്തിയില്ലായ്‌മയേയും മായത്തേയും ഭയക്കാതെ പ്രഭാതഭക്ഷണവും  ഊണും അത്താഴവുമെല്ലാം വീട്ടിലെത്തും.  പൊതു അടുക്കള എന്ന നവീന സങ്കൽപ്പത്തിലേക്കുള്ള കോർപറേഷന്റെ ആദ്യചുവടുവയ്‌പാണ്‌ കോവൂർ കൊച്ചിൻ ബേക്കറി റോഡിലെ ‘പിക്വന്റ്‌’ എന്ന വനിതാസംരംഭം. ബുധനാഴ്‌ച മുതൽ ഒന്നര കിലോമീറ്റർ ചുറ്റളവിൽ  ഇവിടുത്തെ പൊതുഅടുക്കളയിൽനിന്ന്‌ ഭക്ഷണം വീടുകളിലും സ്ഥാപനങ്ങളിലും ഹോസ്‌റ്റലിലുമെത്തും. കോർപറേഷന്റെ വീ ലിഫ്‌റ്റ്‌ പദ്ധതിയിൽ ആരംഭിക്കുന്ന 12 സമൂഹ അടുക്കളകളിൽ ആദ്യത്തേതാണ്‌ കോവൂരിലേത്‌.   എസ്‌ നസീറ ബാനു, വി എൻ ബിന്ദു, മൈമൂന എന്നിവരാണ്‌  നടത്തിപ്പുകാർ. ജീവനക്കാരായി മറ്റു രണ്ടുപേരുമുണ്ട്‌. പ്രഭാതഭക്ഷണത്തിനും ഊണിനും നാൽപ്പത്‌ രൂപയാണ്‌ ചാർജ്‌. വെള്ളപ്പം, പുട്ട്‌, ഇഡ്ഡലി, ദോശ, അപ്പം, പത്തിരി തുടങ്ങിയ വൈവിധ്യങ്ങളുണ്ടാവും. ചെറുപയർ, കടല, സാമ്പാർ, ചട്‌ണി തുടങ്ങിയ കറികളുമുണ്ടാവും. പച്ചക്കറിയും മീൻകറിയും പപ്പടവും അച്ചാറും ചമ്മന്തിയുമടങ്ങുന്നതാണ്‌ ഉച്ചയൂൺ. മീൻവറുത്തതും ചിക്കൻ കറിയും ഉൾപ്പെടെ സ്‌പെഷ്യൽ വിഭവങ്ങളുമുണ്ട്‌. രാത്രി ചപ്പാത്തി, ചിക്കൻകറിക്ക്‌ അമ്പത്‌ രൂപ. പത്തിരി, വെജിറ്റബിൾ കറി നാൽപ്പത്‌.  പതിവുകാർക്ക്‌ അഞ്ചുരൂപ ഇളവുണ്ട്‌.     ഈ മേഖലയിൽ പരിചയമുള്ളവർ ചേർന്നാണ്‌ ‘പിക്വന്റ്‌ ’ സമൂഹ അടുക്കള തുടങ്ങിയത്‌. മൈമൂനയുടെ വീടിനോട്‌ ചേർന്നാണ്‌  അടുക്കള. പാർടി ഓർഡറുകളും സ്വീകരിക്കും. നോമ്പുതുറ കിറ്റ്‌ ഉൾപ്പെടെ ഉണ്ടാവും.  ‘‘ വെച്ചുണ്ടാക്കുന്നതിന്റെ ടെൻഷൻ ഞങ്ങൾക്ക്‌ വിട്ടുതന്നേക്കൂ എന്നതാണ്‌ സന്ദേശം.  സ്വയം കഴുകി ഉണക്കിപ്പൊടിച്ച കറിക്കൂട്ടുകളാണ്‌  ഉപയോഗിക്കുക. വീട്ടിലെ ഭക്ഷണത്തിന്റെ  രുചിയിലും സംതൃപ്‌തിയിലും കഴിക്കാമെന്നത്‌ ഗ്യാരണ്ടി. ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകളും ഹോസ്‌റ്റൽ താമസക്കാരും ധാരാളമായുള്ള പ്രദേശമാണിത്‌. അതിനാൽ കസ്‌റ്റമറുടെ കാര്യത്തിൽ ശങ്കയേ ഇല്ല. ആത്മവിശ്വാസത്തോടെയാണ്‌ സംരംഭം ആരംഭിച്ചത്‌’’–- പിക്വന്റിന്റെ അടുക്കളക്കാരികൾ പറയുന്നു. ഫോൺ: 9495153659, 9495175741. Read on deshabhimani.com

Related News