വേട്ടനായകളെ തുറന്നുവിട്ട് വനപാലകരെ ആക്രമിച്ചു



    താമരശേരി പരിശോധനക്കെത്തിയ വനപാലകരെ വേട്ടനായകളെ അഴിച്ചുവിട്ട് ആക്രമിച്ച‌് വേട്ടക്കാർ രക്ഷപ്പെട്ടു. കൂടരഞ്ഞി പൂവാറൻതോട് തമ്പുരാൻകൊല്ലി ഭാഗത്ത് കക്കാനിയിൽ ജിൽസന്റെ താമസസ്ഥലത്താണ്‌ സംഭവം.  കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി ഉണക്കിയെടുക്കുന്ന സംഘത്തെക്കുറിച്ച് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്‌ തിരുവമ്പാടി പൊലീസ‌് സംഘത്തിന്റെ സഹായത്തോടെ വേട്ടസംഘത്തെ പിടികൂടാനെത്തിയതായിരുന്നു.  വനാതിർത്തിയോടടുത്ത്‌ സംഘം  താമസിക്കുന്ന കെട്ടിടത്തിൽ വനപാലകരെത്തിയതോടെ  കൂട്ടിലുണ്ടായിരുന്ന പന്ത്രണ്ടോളം  നായകളെ തുറന്നു വിടുകയായിരുന്നു. നായകളെ നേരിടുന്നതിനിടയിൽ  പ്രതികൾ ഓടി രക്ഷപ്പെട്ടെന്ന്‌  ഫോറസ്റ്റ് അധികൃതർ പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന്  50 കിലോ കാട്ടുപോത്തിന്റെ  ഉണക്കിയ ഇറച്ചിയും മൂന്ന്‌ തോക്കുകൾ, വടിവാൾ, കത്തി, കോടാലി തുടങ്ങി നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.  കയ്യാലയ്ക്കകത്ത് വിനോജ്, ബേബി പെരുമ്പൂള, വിജേഷ് പെരുമ്പൂള, കണ്ടാലറിയുന്ന മറ്റൊരാളുമാണ്   വനപാലകരെ ആക്രമിച്ച് കടന്നുകളഞ്ഞതെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.  റെയ്‌ഡിൽ താമരശേരി റെയ്‌ഞ്ചിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ കെ സജീവ്കുമാർ, ബി കെ പ്രവീൺകുമാർ, കെ പി പ്രശാന്തൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി വി വിജയൻ, ശ്വേത പ്രസാദ്, എം എസ് പ്രസൂദ, വാച്ചർമാരായ മോഹനൻ, രാജു, രവി എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News