കുട്ടികൾക്ക്‌ കരുതലൊരുക്കും

കോഴിക്കോട്‌ കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ വിശദമായ കണക്കെടുപ്പിന്‌ ഒരുങ്ങി ജില്ല.


കോഴിക്കോട്‌ കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ വിശദമായ കണക്കെടുപ്പിന്‌ ഒരുങ്ങി ജില്ല. ജില്ലാ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ഇതുസംബന്ധിച്ച്‌ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക്‌ നിർദേശം നൽകി.  തദ്ദേശ സ്ഥാപനങ്ങളിലും ബ്ലോക്ക്‌ അടിസ്ഥാനത്തിലും വിവരശേഖരണം നടത്തി സർക്കാരിന്‌ ഉടൻ സമർപ്പിക്കും. അടുത്ത ബജറ്റിൽ ശിശുസംരക്ഷണ പദ്ധതികൾക്ക്‌ മതിയായ തുക വകയിരുത്താനും കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽനിന്ന്‌ അർഹമായ തുക ലഭിക്കാനും വഴിയൊരുക്കും. രക്ഷിതാക്കളില്ലാത്ത കുട്ടികൾ, ചികിത്സ ആവശ്യമുള്ളവർ, ശാരീരിക അവശതയുള്ളവർ, വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവർ, മതിയായ സംരക്ഷണം ഇല്ലാത്തവർ, അനാഥർ, വാസയോഗ്യമായ വീടില്ലാത്തവർ, ബാലവേലയിൽ ഏർപ്പെടുന്നവർ എന്നിങ്ങനെ തരംതിരിച്ചാണ്‌ കണക്കെടുക്കുക. തദ്ദേശസ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽ അഞ്ച്‌ ശതമാനം കുട്ടികളുടെ ക്ഷേമത്തിനും 10 ശതമാനം സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുമായി മാറ്റിവയ്‌ക്കണം. സംസ്ഥാന ബജറ്റിൽ മിഷൻ ‘വാത്സല്യ’ക്കായി തുക വകയിരുത്തുന്നുണ്ട്‌. 40 ശതമാനം സംസ്ഥാനവും 60 ശതമാനം കേന്ദ്രവുമാണ്‌ വിഹിതം നൽകുക.  കൂടാതെ സന്നദ്ധ സംഘടനകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹായം ലഭിക്കും. കൃത്യമായ കണക്കെടുപ്പ്‌ നടന്നാൽ ഫണ്ടുകൾ പരമാവധി ലഭിക്കും. ഇതുപയോഗിച്ച്‌ കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക്‌  സഹായമെത്തിക്കാനാവും.  തദ്ദേശസ്ഥാപനങ്ങൾക്ക്‌ കീഴിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻ ചെയർമാനും ഐസിഡിഎസ്‌ സൂപ്പർവൈസർ കൺവീനറുമായ ശിശുസംരക്ഷണസമിതിയാണ്‌ നിലവിലുള്ളത്‌. തദ്ദേശസ്ഥാപന പരിധിയിലെ സ്‌കൂൾ പ്രധാനാധ്യാപകർ, ആരോഗ്യവകുപ്പ്‌ ഓഫീസർ, പട്ടികജാതി–-വർഗ വികസന ഓഫീസർ, വിദ്യാഭ്യാസ–- ആരോഗ്യ സ്ഥിരംസമിതി അംഗങ്ങൾ, ലേബർ ഓഫീസർ തുടങ്ങിയവർ ഉൾപ്പെട്ട കമ്മിറ്റിയാണിത്‌.  കൂട്ടായ പ്രവർത്തനത്തിലൂടെ വിവര ശേഖരണം പൂർത്തിയാക്കി രണ്ടുമാസത്തിനകം സർക്കാരിന്‌ സമർപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജില്ലാ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ പറഞ്ഞു.  Read on deshabhimani.com

Related News