ഐ ലീഗ്‌ ആരവങ്ങളിലേക്ക്‌ കോഴിക്കോട്‌

ഐ ലീഗിന് മുന്നോടിയായി ഗോകുലം കേരള എഫ് സി താരങ്ങൾ ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ / ഫോട്ടോ: ബിനുരാജ്


കോഴിക്കോട്‌ നഗരം വീണ്ടും ഫുട്‌ബോൾ ആവേശക്കാഴ്‌ചകളിലേക്ക്‌. ആരാധകരിൽ ആരവം നിറച്ച്‌ ഏഴുനാളുകൾക്കപ്പുറം ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ഇ എം എസ്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ ഐ -ലീഗിന്‌ പന്തുരുളും. ടീം വെള്ളിയാഴ്‌ച ഗ്രൗണ്ടിൽ പരിശീലനം നടത്തി. 28ന്‌ വൈകിട്ട്‌ ഏഴിനാണ്‌ ഗോകുലത്തിന്റെ ആദ്യ മത്സരം. ലീഗിനായി സ്‌റ്റേഡിയത്തിൽ ഒരുക്കം പുരോഗമിക്കുകയാണ്‌. ഗ്രൗണ്ടിലെ ഫ്ലഡ്‌ലിറ്റ്‌ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഫുട്‌ബോൾ ഫെഡറേഷന്റെ സാങ്കേതിക വിദഗ്‌ധർ ശനിയാഴ്‌ച വിലയിരുത്തും. 28നാണ്‌ ഐ–-ലീഗ്‌ ആരംഭിക്കുന്നത്‌. ഗോകുലത്തിന്റെ അഞ്ച്‌ ഹോം ഗ്രൗണ്ട്‌ മത്സരങ്ങളും വൈകിട്ട്‌ ഏഴിനാണ്‌. കാണികൾക്ക്‌ സൗകര്യത്തിനായി ഗോകുലം ടീം മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടതുപ്രകാരമാണ്‌ ഹോം ഗ്രൗണ്ട്‌ മത്സരങ്ങൾക്ക്‌ ഈ സമയക്രമം അനുവദിച്ചത്‌. രാത്രി മത്സരങ്ങളായതിനാൽ സ്‌റ്റേഡിയം അടച്ചിട്ട്‌ ഫ്ലഡ്‌ലിറ്റ്‌ ഉൾപ്പെടെയുള്ളവ അറ്റകുറ്റപ്പണി നടത്തി. ആദ്യ മത്സരത്തിന്‌ മുന്നോടിയായി സ്‌റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ വൈകിട്ട്‌ 4.30 മുതൽ തൈക്കുടം ബ്രിഡ്‌ജിന്റെ സംഗീതപരിപാടിയുണ്ടാകും. നടൻ ദിലീപ്‌ മുഖ്യാതിഥിയാകും. എല്ലാ ഹോം മത്സരങ്ങൾക്ക്‌ മുമ്പും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ മാനേജ്‌മെന്റ്‌ ആലോചിക്കുന്നുണ്ട്‌. ഗോകുലം മാൾ, സ്‌റ്റേഡിയം എന്നിവിടങ്ങളിലും ഗോകുലം ചിറ്റ്‌സ്‌ ഓഫീസുകളിലും ടിക്കറ്റ്‌ വിൽപ്പന ആരംഭിച്ചു. ഡിസംബർ രണ്ടിനാണ്‌ ഗോകുലത്തിന്റെ അവസാന ഹോം മത്സരം. ഡിസംബർ 19നാണ്‌ അവസാന മത്സരം. Read on deshabhimani.com

Related News