‘എന്റെ തൊഴിൽ എന്റെ അഭിമാനം’
വീട്ടമ്മമാർ വിജ്ഞാന തൊഴിൽ രംഗത്തേക്ക്



കോഴിക്കോട്‌  അഭ്യസ്തവിദ്യരായ വീട്ടമ്മമാരേയും പെൺകുട്ടികളേയും  വിജ്ഞാന തൊഴിലിലേക്ക്‌ കൈപിടിച്ചാനയിക്കുന്നതിനും നൈപുണ്യ പരിശീലനം നൽകുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘എന്റെ തൊഴിൽ എന്റെ അഭിമാനം',  ‘തൊഴിലരങ്ങത്തേക്ക്' പദ്ധതികളുടെ രണ്ടാംഘട്ടത്തിന്‌ തുടക്കം. കേരള നോളേജ് ഇക്കോണമി മിഷൻ കുടുംബശ്രീയുമായി ചേർന്ന്‌ ജില്ലയിൽ 18 പഞ്ചായത്തുകളിലാണ് ‘തൊഴിലരങ്ങത്തേക്ക്' നടപ്പാക്കുക. പ്ലസ് ടു അടിസ്ഥാനയോഗ്യതയുള്ള 18നും 50നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകർക്ക് പ്രയോജനപ്പെടുത്താനാകും. വിജ്ഞാന തൊഴിൽരംഗത്തേക്ക് വരാൻ താൽപ്പര്യമുള്ള സ്ത്രീകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക്‌ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടലിൽ രജിസ്റ്റർചെയ്താൽ വ്യവസായ വകുപ്പിന്റെ അസാപ് വഴി പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കിയവർക്ക് തൊഴിൽമേളകളിലൂടെ വിവിധ കമ്പനികളിൽ നിയമനം നൽകും. പട്ടികജാതി, പട്ടികവർഗം, ട്രാൻസ് ജെൻഡർ എന്നിവരുടെ പരിശീലന ഫീസിന്റെ 70 ശതമാനം സർക്കാർ വഹിക്കും. തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് നടപ്പാക്കുക.  2024 മാർച്ച് 31 ന് ഒന്നാംഘട്ടം പൂർത്തിയാകും. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽനിന്ന്‌ രജിസ്‌റ്റർചെയ്‌ത പഞ്ചായത്ത് പ്രസിഡന്റുമാർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. 87 തദ്ദേശസ്ഥാപനങ്ങളിലുള്ളവർ പങ്കെടുത്തു.  കേരള പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ കെ രാജീവൻ അധ്യക്ഷനായി. ബിലാൽ മുഹമ്മദ് ക്ലാസെടുത്തു. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകല, സ്റ്റേറ്റ് പ്രോഗ്രം മാനേജർ സാബു ബാല, ഡയാന തങ്കച്ചൻ, വൈശാഖ് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News