പൊലീസ്‌ നിലപാട്‌ സർക്കാർ വിരുദ്ധമായാൽ വിമർശിക്കും: പി മോഹനൻ

സിപിഐ എം ടൗൺ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും മെഡിക്കൽ കോളേജ് ജങ്‌ഷനിൽ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്യുന്നു


കോഴിക്കോട്   സർക്കാരിന്റെ പ്രഖ്യാപിത ജനസൗഹൃദ പൊലീസ് നയത്തിന്‌ വിരുദ്ധമായ നിലപാട് സ്വീകരിച്ചാൽ പൊലീസിനെ  ശക്തമായി വിമർശിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് സിപിഐ എം ടൗൺ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും മെഡിക്കൽ കോളേജ് ജങ്‌ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മെഡിക്കൽ കോളേജ് സംഭവത്തെ പാർടി ഒരിക്കലും ന്യായീകരിക്കുന്നില്ല. നിയമപരമായ ഒരു നടപടിയിലും ഇടപെട്ടിട്ടില്ല. എന്നാൽ യുഡിഎഫ് ഭരണത്തിലെ പ്രേതം ചില  പൊലീസുകാരെ ഇന്നും പിന്തുടരുന്നുണ്ട്. അവർ സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടത്തുന്നത്‌. പ്രതി ചേർക്കപ്പെട്ടവർ കീഴടങ്ങിയിട്ടും ആശുപത്രിയിൽ വന്ന് മടങ്ങുകയായിരുന്ന പ്രതിയുടെ  പൂർണ ഗർഭിണിയായ ഭാര്യയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. വിരമിച്ച ഒരു  ഡോക്ടറുടെ വീട്ടിൽ അർധരാത്രി പോയി ഭീഷണി മുഴക്കി.   മെഡിക്കൽ കോളേജ് ഉൾപ്പെടെ പല സ്ഥാപനങ്ങളിലും വിമുക്തഭടന്മാരായ സുരക്ഷാ ജീവനക്കാർ മാതൃകാപരമായി ജോലി ചെയ്യുന്നു.  എന്നാൽ ഒറ്റപ്പെട്ട ചിലർ അവശരായി ആശുപത്രിയിൽ വരുന്ന രോഗികളോടും മറ്റും അതിർത്തിയിലെ ഭീകരന്മാരോടെന്ന പോലെ പെരുമാറുന്ന സ്ഥിതിയുണ്ട്. ജനങ്ങളോട് നന്നായി പെരുമാറാൻ അവരെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ കമ്മിറ്റി അംഗം പി നിഖിൽ, നോർത്ത് ഏരിയാ സെക്രട്ടറി നിർമലൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ലോക്കൽ  സെക്രട്ടറി പി പ്രബീഷ്‌ കുമാർ അധ്യക്ഷനായി. ടൗൺ ഏരിയാ സെക്രട്ടറി കെ ദാമോദരൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News