വരുന്നു, കോഴിക്കോട്‌ പ്രകൃതിദുരന്ത നിവാരണ ഗവേഷണ കേന്ദ്രം



കോഴിക്കോട്‌  പ്രളയം, വരൾച്ച, മണ്ണിടിച്ചിൽ തുടങ്ങിയവയെക്കുറിച്ച്‌ പഠിക്കാനും   പ്രതിരോധമാർഗങ്ങൾ ഏകോപിപ്പിക്കാനുമുള്ള സമഗ്രകേന്ദ്രം കോഴിക്കോട്‌ വരുന്നു.  കുന്നമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലാണ്‌(സിഡബ്ല്യുആർഡിഎം) ഈ മികവിന്റെ കേന്ദ്രം ഒരുങ്ങുന്നത്‌. ഇത്‌ സംബന്ധിച്ച്‌ കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഉത്തരവിറക്കി. രണ്ട്‌ കോടിയുടെ പദ്ധതിയിൽ ആദ്യ രണ്ടുവർഷത്തേക്ക്‌ 60 ലക്ഷം രൂപയും അനുവദിച്ചു.  ജലവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളുടെ പഠന പ്രവർത്തനമാണ്‌  ഇവിടെ നടക്കുക. ചില  നദീതടങ്ങൾ മാതൃകയാക്കിയുള്ള  ഗവേഷണത്തിലൂടെയാണ്‌  പ്രളയ പ്രതിരോധ നടപടി ആവിഷ്‌കരിക്കുക. പ്രളയം, വരൾച്ചാ മുന്നറിയിപ്പ്‌ സംവിധാനവുമുണ്ടാകും. അണക്കെട്ട്‌, തടയണ തുടങ്ങിയ പ്രതിരോധ മാർഗങ്ങളുടെ  സാധ്യതകളും  പഠനവിധേയമാക്കും. ദുരന്ത നിവാരണത്തിന്‌ പ്രാദേശിക തല പരിശീലനം, ബോധവൽക്കരണം എന്നിവ‌ നൽകും. വരൾച്ചാ സാധ്യതയുള്ള പ്രദേശങ്ങളിൽ  മഴവെള്ള സംഭരണമുൾപ്പെടെ നടപ്പാക്കും. പലതട്ടിലായുള്ള  ഇത്തരം പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാകും.  സർക്കാരിലേക്ക്‌ വിവരങ്ങൾ നൽകുന്നതിനൊപ്പം പൊതുജനങ്ങൾക്ക്‌  ആപ്പ്‌, വെബ്‌ പോർട്ടൽ എന്നിവയും ശുപാർശചെയ്യുന്നു.  ഐഐടി പാലക്കാട്‌, എൻഐടിസി, കുസാറ്റ്‌   എന്നീ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ  സഹകരണത്തോടെയാണ്‌ പഠനവും ഗവേഷണവും. അഞ്ച്‌ വർഷ പദ്ധതി‌ക്ക്‌ ഇന്ത്യ മെറ്റീരിയോളജിക്കൽ വകുപ്പിന്റെ സഹായവുമുണ്ട്‌.   റൂർക്കി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈഡ്രോളജി മുൻ ഡയറക്ടർ ഡോ. ജെ വി ത്യാഗിയാണ്‌ പദ്ധതി ഉപദേശകൻ. അവലോകനത്തിന്‌ വിദഗ്‌ധ സമിതിയും രൂപീകരിക്കും. Read on deshabhimani.com

Related News