ചരക്ക് കയറ്റിത്തുടങ്ങി, 
ഉരു അടുത്ത ദിവസം ദ്വീപിലേക്ക്

ബേപ്പൂർ തുറമുഖത്ത് ഉരുവിൽ ലക്ഷദ്വീപിലേക്കുള്ള കെട്ടിട നിർമാണ വസ്തുക്കൾ കയറ്റുന്ന തൊഴിലാളികൾ


 ഫറോക്ക് മൺസൂൺകാല നിയന്ത്രണം നീങ്ങിയശേഷം ആദ്യമായി ബേപ്പൂർ തുറമുഖത്ത് ലക്ഷദ്വീപിലേക്കുള്ള ഉരുക്കളിൽ ചരക്ക്‌ കയറ്റിത്തുടങ്ങി. ചൊവ്വാഴ്ചയോടെ ലോഡിങ് പൂർത്തിയായാൽ ഉടൻ ദ്വീപിലേക്ക് പുറപ്പെട്ടേക്കും. ലക്ഷദ്വീപിലേക്ക് നാളികേരവും മത്സ്യവുമൊഴികെ കയറ്റി അയക്കുന്നതിൽ സിംഹഭാഗവും ബേപ്പൂരിൽനിന്നാണ്. മെർക്കന്റയിൽ മറൈൻ (സമുദ്ര വ്യാപാര ഗതാഗത) നിയമ പ്രകാരം എല്ലാ വർഷവും മൺസൂൺ കാലയളവിൽ മെയ് 15 മുതൽ സെപ്തംബർ 15 വരെ കപ്പലുകൾക്കും വെസലുകൾക്കും നിരോധനകാലമാണ്. നിയന്ത്രണം അവസാനിച്ചെങ്കിലും കാലാവസ്ഥയിലെ ചാഞ്ചാട്ടം കാരണം  സർവീസ് നീളുകയായിരുന്നു. യാത്രാനുമതി ലഭിച്ച ഷാലോം, ശ്രീ മുരുകൻ തുണൈ എന്നീ രണ്ട്‌ ഉരുക്കൾ തുറമുഖത്ത് ചരക്കുകയറ്റാനെത്തി. ഇതിൽ ആദ്യം ദ്വീപിലേക്ക് പുറപ്പെടുന്ന ഷാലോമിലാണ് ചരക്ക് കയറ്റൽ ആരംഭിച്ചത്.  മുഖ്യമായും കെട്ടിട നിർമാണത്തിനായുള്ള മെറ്റൽ, സിമന്റ്‌, എം -സാൻഡ്‌, ഹോളോബ്രിക്സ്, മര ഉരുപ്പടികൾ തുടങ്ങിയവയാണ് ഉരുവിൽ കയറ്റുന്നത്. ഇതിനുശേഷം ഭക്ഷ്യ ഉൽപ്പന്നങ്ങളും കയറ്റും. വൈകാതെ ലക്ഷദ്വീപിലേക്കുള്ള യാത്രാ സർവീസ് തുടങ്ങും. Read on deshabhimani.com

Related News