അനധികൃത കെട്ടിടനമ്പർ: 
പൊലീസ്‌ അന്വേഷണം തുടങ്ങി

അനധികൃത കെട്ടിട അനുമതി നല്‍കിയെന്നാരോപിച്ച് കോഴിക്കോട് കോര്‍പറേഷനിലെ 4 ഉദ്യോ​ഗസ്ഥരെ ജോലിയില്‍ 
നിന്നും സസ്പെന്‍ഡ് ചെയ്തതിനെതിരെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയുടെ ഓഫീസിന് മുന്നില്‍ 
പ്രതിഷേധിക്കുന്ന ജീവനക്കാര്‍


കോഴിക്കോട്‌ കോർപറേഷനിലെ ജീവനക്കാരുടെ യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച്‌ അനധികൃത കെട്ടിടങ്ങൾക്ക്‌ നമ്പർ നൽകിയ സംഭവത്തിൽ  പൊലീസ്‌  അന്വേഷണം  ആരംഭിച്ചു.  കോർപറേഷൻ സെക്രട്ടറി നൽകിയ പരാതിയിൽ ടൗൺ പൊലീസാണ്‌  അന്വേഷിക്കുന്നത്‌.  പാസ്‌വേഡ്‌ ചോർത്തൽ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യമുള്ളതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ്‌ അന്വേഷണം. ബേപ്പൂർ സോണൽ ഓഫീസിലെ കംപ്യൂട്ടറുകളും രേഖകളും പരിശോധിക്കും.  അസി.പൊലീസ്‌ കമീഷണർക്കാണ്‌ അന്വേഷണം ഏകോപന ചുമതല.   അഡീഷണൽ സെക്രട്ടറി മനോഹറിന്റെ നേതൃത്വത്തിൽ കോർപറേഷൻ സ്വന്തം നിലയിലും  അന്വേഷിക്കുന്നുണ്ട്‌.  നാല്‌ ഉദ്യോഗസ്ഥരുടെ യൂസർനെയ്‌മും പാസ്‌വേർഡും ചോർത്തിയാണ്‌  ആറ്‌ കെട്ടിടങ്ങൾക്ക്‌ നമ്പർ നൽകിയത്‌.  ‘സഞ്ജയ’ സോഫ്‌റ്റ്‌വെയറിലൂടെയാണ്‌ തട്ടിപ്പ്‌. സംഭവവുമായി ബന്ധപ്പെട്ടു നാല്‌ ഉദ്യോഗസ്ഥരെ കോർപറേഷൻ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.പാസ്‌വേഡ്‌ ചോർത്തി വ്യാജ കെട്ടിട നമ്പർ നൽകിയതിൽ ജീവനക്കാർക്ക്‌ പങ്കില്ല എന്നാണ്‌ നിഗമനം.  ജീവനക്കാരുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ച്‌   കെഎംസിഎസ്‌യു, കെഎംസിഎസ്‌എ സംഘടനകൾ സംയുക്തമായി കോർപറേഷന്‌ മുന്നിൽ  പ്രകടനവും യോഗവും നടത്തി.   മുനിസിപ്പൽ ആൻഡ്‌​ കോർപറേഷൻ സ്റ്റാഫ്​ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ ശരത്​കുമാർ അധ്യക്ഷനായി.  കേരള മുനിസിപ്പൽ ആൻഡ്‌​ കോർപറേഷൻ സ്റ്റാഫ്​ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌​ ടി  അനിൽകുമാർ,  ടി കെ ജിനീഷ്​, സി കെ രജിത്ത്​കുമാർ, ഷീബ,  കെ കെ  സുരേഷ്​, എൻ പി മുസ്​തഫ എന്നിവർ സംസാരിച്ചു.  അതേസമയം, കോർപറേഷൻ ജീവനക്കാരുടെ സംയുക്ത സമരസമിതി സമരം ശക്തമാക്കാൻ തീരുമാനിച്ചു. കോർപറേഷൻ പൊതുപരിപാടികളും യോഗങ്ങളും ബഹിഷ്‌കരിക്കൽ, ചൊവ്വാഴ്‌ച പ്രകടനം, ബുധൻ ഉച്ചവരെ അവധിയെടുത്ത്‌ ജനറൽ ബോഡി ചേരൽ എന്നീ സമര പരിപാടികൾ നടത്താനാണ്‌ തീരുമാനം. ബിജെപിയും മാർച്ച് നടത്തി.   Read on deshabhimani.com

Related News