ഹൈടെക്‌, ന്യൂജൻ

കോഴിക്കോട് കോർപറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അവതരിപ്പിക്കുന്നു


സ്വന്തം ലേഖിക കോഴിക്കോട്‌ മാറുന്ന കാലത്തിന്റെ അനിവാര്യതകളും സാധ്യതകളും ഉൾച്ചേർത്ത 2023–-24ലെ കോർപറേഷൻ ബജറ്റ്‌ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ കൗൺസിലിൽ അവതരിപ്പിച്ചു. സർവമേഖലയിലും വേറിട്ട പദ്ധതികളും ഇടപെടലുമാണ്‌ ബജറ്റിന്റെ പ്രത്യേകത. ഭൂമിയില്ലാത്ത 1000 ഭവനരഹിതർക്ക്‌ വീട്‌, 10 രൂപയ്‌ക്ക്‌ ഊണും പ്രഭാതഭക്ഷണവും, ഒരു വാർഡിൽ കളിസ്ഥലം, അതിദരിദ്രർക്ക്‌ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ്‌, 42 തോടുകളുടെ പുനരുദ്ധാരണം, ഇലക്‌ട്രിക്‌ വാഹന ചാർജിങ്‌ സ്‌റ്റേഷനുകൾ, സീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റുകൾ, സമൂഹ അടുക്കളകൾ തുടങ്ങിയ പദ്ധതികൾ ബജറ്റിന്‌ തിളക്കമേകുന്നു. 951.86 കോടി രൂപ വരവും 920 കോടി രൂപ ചെലവും 31.95 കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ അവതരിപ്പിച്ചത്‌. കോഴിക്കോടിനെ ആധുനിക നഗരമായി വികസിപ്പിക്കലാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ അവതരണ പ്രസംഗത്തിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ പറഞ്ഞു. കഴിഞ്ഞ ബജറ്റിലെ പദ്ധതികളിൽ ഭൂരിഭാഗവും ആരംഭിച്ചു. സമയബന്ധിതമായി പൂർത്തിയാക്കും. കൗൺസിലും ഉദ്യോഗസ്ഥരും ജനങ്ങളും ഒന്നിച്ചുനിന്നാൽ  ബജറ്റ്‌ നിർദേശങ്ങൾ നടപ്പാക്കി വികസിതനഗരമായി കോഴിക്കോടിനെ എളുപ്പം മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ബജറ്റിൽ ചർച്ചകൾ തുടരും. Read on deshabhimani.com

Related News