ബേപ്പൂർ പൊലീസ് സ്റ്റേഷൻ 
നിർമാണം പുനരാരംഭിക്കുന്നു



ബേപ്പൂർ  സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി നിലച്ച ബേപ്പൂർ പൊലീസ് സ്റ്റേഷൻ നിർമാണം പുനരാരംഭിക്കുന്നു. നിർമാണത്തിനാവശ്യമായ ഉരുക്കുബീമുകൾ ഇറക്കിത്തുടങ്ങി. ബേപ്പൂർ തുറമുഖത്തിനുസമീപത്ത് തുറമുഖ വകുപ്പ്‌ വിട്ടുനൽകിയ 22 സെന്റ് ഭൂമിയിലാണ് പുതിയ ഐഎസ്എംബി (ഇന്ത്യൻ സ്റ്റാൻഡേർഡ് മീഡിയം വെയ്റ്റ് ബീം) സാങ്കേതികവിദ്യയുപയോഗിച്ച് അത്യാധുനിക രീതിയിൽ ഇരുനില പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നത്.  സിറ്റിയിൽ വെള്ളയിൽ, ബേപ്പൂർ എന്നിവിടങ്ങളിലായി പുതിയ സ്റ്റേഷൻ നിർമാണത്തിന് 3.98 കോടി രൂപയാണ് മൊത്തം ചെലവ്. ഇതിലേക്ക് 1,32,70,000 രൂപ നേരത്തെ സർക്കാർ അനുവദിച്ചിട്ടുണ്ട്. ബാക്കി തുകയും വൈകാതെ ലഭിക്കും.  സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന പോർട്ട് റോഡിലെ കെട്ടിടം കാലപ്പഴക്കത്താൽ ചോർന്നൊലിച്ച് തകർന്നുവീഴാറായതിനെ തുടർന്ന് ബേപ്പൂർ അങ്ങാടിയിലെ വാടക കെട്ടിടത്തിലാണിപ്പോൾ പ്രവർത്തിച്ചുവരുന്നത്. തറപ്പണിവരെയെത്തിയശേഷം സാങ്കേതികക്കുരുക്കിൽ നിർമാണം നിലച്ചതിനാൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അടിയന്തര ഇടപെടലാണ് പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് സർക്കാർ ഫണ്ട് അനുവദിക്കാനിടയാക്കിയത്. പുത്തൻ സാങ്കേതികവിദ്യയനുസരിച്ച് ഉരുക്ക്‌ ബീമുകൾക്കിടയിൽ കോൺക്രീറ്റ് സ്ലാബുകൾ അടുക്കിവച്ചുള്ള നിർമാണമായതിനാൽ ഏതാനും മാസങ്ങൾക്കകം നിർമാണം പൂർത്തിയാക്കാനാകും. സർക്കാർ ഏജൻസിയായ വാപ്കോസിനാണ്  രണ്ടു സ്റ്റേഷനുകളുടെയും നിർമാണച്ചുമതല. Read on deshabhimani.com

Related News