പറമ്പിൽ സ്കൂൾ വികസനം യാഥാർഥ്യമാവുന്നു



  വടകര ജനവികാരത്തിനുമുന്നിൽ പാറക്കൽ അബ്ദുള്ള എംഎൽഎയുടെ പിടിവാശി തോറ്റു. ജനകീയ സമരത്തിന്റെ വിജയമായി പറമ്പിൽ ഗവ. യുപി സ്‌കൂൾ കെട്ടിട നിർമാണം യാഥാർഥ്യമാവുന്നു.  പാറക്കൽ അബ്ദുള്ള എംഎൽഎയുടെ പിടിവാശിയിൽ അനിശ്ചിതത്വത്തിലായ ആയഞ്ചേരി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയത്തിന്റെ  കെട്ടിട നിർമാണം ഉടൻ ആരംഭിക്കാൻ കലക്ടർ സാംബശിവറാവു ഉത്തരവിട്ടു.  സ്കൂളിന്റെ കിഴക്ക് ഭാഗത്ത് പുതിയ കെട്ടിടം നിർമിക്കാനുള്ള ഒരുക്കം ആരംഭിച്ചു. പുതിയ കെട്ടിടത്തിന്‌ സ്കൂളിന് കിഴക്ക് ഭാഗത്ത് സൗകര്യമുണ്ടെന്നിരിക്കെ നിലവിലെ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കണമെന്നായിരുന്നു  എംഎൽഎയുടെ വാദം. ഇതു പ്രകാരം കെട്ടിടം നിർമിച്ചാൽ   ഭാവിയിൽ ഒരു വികസന പ്രവർത്തനവും ഇവിടെ നടത്താനാകില്ലെന്ന്‌  സ്റ്റാഫ് കൗൺസിലും പിടിഎയും വ്യക്തമാക്കിയിരുന്നു. കൂടാതെ കെട്ടിടത്തിലേക്കുള്ള കാറ്റും വെളിച്ചവും തടയപ്പെടുകയും കളിസ്ഥലം നഷ്ടമാവുകയും ചെയ്യം.  ഒപ്പം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്കുകൂടി കെട്ടിട നിർമാണം വ്യാപിപ്പിക്കേണ്ടിയും വരും. പഴയ കെട്ടിടം പൊളിച്ചാൽ ക്ലാസ് മുറികളും ശുചിമുറിയും വാട്ടർ ടാങ്കുംവരെ മാറ്റി സ്ഥാപിക്കേണ്ടി വരും. കൂടാതെ കിണറും നഷ്ടമാവും. പുതിയ കെട്ടിടത്തിന്റെ കക്കൂസ് നിർമിക്കേണ്ടത് ഉപയോഗത്തിലുള്ള അടുക്കളയുടെയും ഡൈനിങ്‌ ഹാളിനോട് ചേർന്നാണ്‌. കിഴക്ക് ഭാഗത്ത് കെട്ടിടം നിർമിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.     2018ൽ സാങ്കേതികാനുമതിയും ഭരണാനുമതിയും കിട്ടിയിട്ടും എംഎൽഎയുടെ പിടിവാശിയിൽ  നിർമാണം  അനിശ്ചിതത്വത്തിലായി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പിടിഎയുടെയും സ്റ്റാഫ് കൗൺസിലിന്റെയും നിർദേശം ശരിയാണെന്ന് വിലയിരുത്തിയിരുന്നു. നിലവിലെ കെട്ടിടം പൊളിക്കാതെ പുതിയ കെട്ടിടം നിർമിക്കുന്നതാണ് ഉചിതമെന്നും കണ്ടെത്തി. കെട്ടിട നിർമാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരംചെയ്‌തു.  വിഷയം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ ദേശാഭിമാനി വാർത്ത നൽകിയിരുന്നു. തുടർന്ന് കലക്ടർ സ്ഥലം സന്ദർശിക്കുകയും നാട്ടുകാരുടെയും പിടിഎയുടെയും യോഗം വിളിച്ചുചേർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കലക്ടർ നിർമാണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടത്.   Read on deshabhimani.com

Related News