ഉള്ളൂർ കടവ് പാലം: പൈലിങ് പുരോഗമിക്കുന്നു

ഉള്ളൂർ കടവ് പാലം നിർമാണത്തിൻ്റെ ഭാഗമായി പൈലിങ് നടക്കുന്നു


കൊയിലാണ്ടി ബാലുശേരി, കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂര്‍ക്കടവ് പാലത്തിന്റെ പൈലിങ് പ്രവൃത്തി പുരോഗമിക്കുന്നു. മൂന്ന്  മാസംകൊണ്ട് പൈലിങ്ങിന്റെയും തൂണുകളുടെയും പണി പൂര്‍ത്തിയാക്കി സ്പാനുകളുടെ നിര്‍മാണത്തിലേക്ക് കടക്കും. 250.60 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന പാലത്തിന് മൊത്തം 12 തൂണുകളാണ് ഉണ്ടാവുക.  ഇതിനായി 51 പൈലിങ് നടത്തണം.  കണയങ്കോട്, അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പുഴയുടെ മധ്യത്തില്‍ 55 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആര്‍ച്ച് രൂപത്തിലാണ് പാലം നിര്‍മിക്കുക. 16.25 കോടി രൂപ ചെലവിലാണ് ഉളളൂര്‍ക്കടവ് പാലം നിര്‍മിക്കുന്നത്. മലപ്പുറം പിഎംആര്‍ കണ്‍സ്ട്രക്ഷനാണ് പ്രവൃത്തി ഏറ്റെടുത്തത്. 2022 അവസാനത്തോടെ പാലം പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.   സമീപ റോഡിനായുള്ള സ്ഥലമെറ്റെടുപ്പ് പൂര്‍ത്തിയായിട്ടില്ല. കൊയിലാണ്ടി ലാൻഡ് അക്വിസിഷന്‍ ഓഫീസാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.  ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വേഗം കൂട്ടാന്‍ സെപ്തംബര്‍ 20ന് ജില്ലാ കലക്ടര്‍ എംഎല്‍എമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. എംഎല്‍എമാരായ കാനത്തില്‍ ജമീല, കെ എം സച്ചിന്‍ ദേവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.  ഭൂമിയുടെ വില നിശ്ചയിക്കുന്ന കാര്യം ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്നും നവംബര്‍ 30ന് മുമ്പ് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാന്‍ കഴിയുമെന്നും  റവന്യൂ ലാനഡ് അക്വിസിഷന്‍ വിഭാഗം യോഗത്തില്‍ ഉറപ്പ് നല്‍കി. കക്ഷികള്‍ വിട്ടുകൊടുക്കുന്ന ഭൂമിക്ക് പരമാവധി വില ലഭിക്കും വിധം വിലനിര്‍ണയം നടത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. Read on deshabhimani.com

Related News