യുവതിക്ക് ക്രൂര മർദനം: 
പൊലീസ് നടപടി ശക്തമാക്കണം



വടകര അവിഹിത ബന്ധം ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവും സുഹൃത്തുക്കളും മർദിച്ച സംഭവത്തിൽ പൊലീസ്‌ നടപടി ശക്തമാക്കണമെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭാര്യയുടെ പരാതിയിൽ നടപടി സ്വീകരിക്കാത്ത പയ്യോളി പൊലീസിന്റെ നടപടി തിരുത്തണം.  മണിയൂർ ഇല്ലത്തുമീത്തൽ പ്രജിനയെയാണ്‌ ഭർത്താവ്‌ തെക്കേ മഞ്ഞവയലിൽ ശൈജേഷും നാലുപേരും ചേർന്ന് മർദിച്ച് പരിക്കേൽപ്പിച്ചത്. ഇരുമ്പുകമ്പികൊണ്ട് കൈയ്ക്കും കഴുത്തിനും തലയ്ക്കുമാണ് മർദിച്ചത്. പരിക്കേറ്റ പ്രജിന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പയ്യോളി പൊലീസിൽ പരാതി നൽകി. എന്നാൽ പയ്യോളി സിഐ കേസിൽ ഇടപെട്ട് തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താതെ  കേസ് അട്ടിമറിച്ചതായി പ്രജിന വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒക്ടോബർ ആറിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യോളിയിൽ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയുടെ പാർട്ട്ണറും തൊഴിലാളികളും അടക്കമുള്ളവരാണ് മാരകായുധങ്ങളുമായി ഭർതൃവീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. പ്രതികൾക്കെതിരെ നിസ്സാര വകുപ്പുകൾ ചേർത്ത് കേസെടുത്ത നടപടിക്കെതിരെ വനിതാ കമീഷൻ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി പ്രജിന പറഞ്ഞു.  പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്ന് മഹിളാ അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ മഹിളാ അസോസിയേഷൻ വടകര ഏരിയാ സെക്രട്ടിയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി എം ലീന, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയുമായ കെ വി റീന, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീജ പുല്ലരൂൽ, മഹിളാ അസോസിയേഷൻ വില്ലേജ് ട്രഷററും പഞ്ചായത്തംഗവുമായ  ടി ഗീത, പ്രജിന എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News