പ്രചരിക്കുന്നത്‌ എഡിറ്റഡ്‌ വീഡിയോ; പൊലീസ്‌ ഇടപെട്ടതിനും തെളിവുകൾ



സ്വന്തം ലേഖകൻ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതായി പ്രചരിക്കുന്ന വീഡിയോ എഡിറ്റ്‌ ചെയ്‌തത്‌. കേസിൽ പ്രതിചേർക്കപ്പെട്ട അരുണിന്റെ ഭാര്യയെ സുരക്ഷാജീവനക്കാരൻ ആക്രമിക്കുന്ന ഭാഗം ഒഴിവാക്കിയാണ്‌ പൊലീസുകാർ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത്‌. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രം ഉൾപ്പെടുത്തിയ കേസിൽ പിന്നീട്‌ ഗുരുതര വകുപ്പുകൾ കൂട്ടിച്ചേർത്തതും ദുരൂഹമാണ്‌.  സംഭവം സർക്കാരിനും സിപിഐ എമ്മിനുമെതിരായ ആയുധമാക്കാൻ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം ശ്രമിച്ചതായും പിന്നീടുള്ള ഇടപെടലുകൾ തെളിയിക്കുന്നു. തുടക്കം മുതൽ മാധ്യമങ്ങൾക്ക്‌ എരിവും പുളിയുമുള്ള വാർത്തകൾ നിർമിച്ചുനൽകുന്നതിൽ പൊലീസ്‌ മിടുക്കുകാട്ടി.    ജാമ്യം തടയാൻ 
പൊലീസ്‌ വക വകുപ്പ്‌   പ്രതികൾക്ക്‌ ജാമ്യം കിട്ടുന്നത്‌ തടയാൻ  പൊലീസ്‌ എല്ലാ മാർഗങ്ങളും പ്രയോഗിച്ചു. ദേഹോപദ്രവം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പ്‌ ചേർത്താണ്‌ കേസ്‌ രജിസ്‌റ്റർചെയ്‌തത്‌. എന്നാൽ,  ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ക്രൂര മർദനം (ഐപിസി –-333), ബോധപൂർവമല്ലാത്ത നരഹത്യ (308) തുടങ്ങിയവ ചേർത്തു. മജിസ്‌ട്രേട്ട്‌‌ കോടതി ജാമ്യം അനുവദിക്കാതിരിക്കാനായിരുന്നു ഇത്‌.   ഇടുപ്പ്‌ ഭാഗത്ത്‌ മർദനമേറ്റതായി സ്വകാര്യ ആശുപത്രിയിൽനിന്ന്‌  സംഘടിപ്പിച്ച സർട്ടിഫിക്കറ്റാണ്‌  പരാതിക്കാരൻ ഇതിനായി ഹാജരാക്കിയത്‌. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മതിയായ സംവിധാനമുണ്ടായിരിക്കെ, സ്വകാര്യ ആശുപത്രിയിൽനിന്ന്‌ സർട്ടിഫിക്കറ്റ്‌ സംഘടിപ്പിക്കാൻ  പൊലീസ്‌ നിർദേശിക്കുയായിരുന്നുവെന്ന്‌  പ്രതിഭാഗം അഭിഭാഷകൻ എം കെ ദിനേശൻ പറഞ്ഞു. കേസ്‌ സെഷൻസ്‌ കോടതിയിലേക്ക്‌ മാറ്റാനും ജാമ്യം ലഭിക്കുന്നത്‌ തടയാനുമായിരുന്നു ഇത്‌ .  കേസുണ്ട്‌, 
അന്വേഷണമില്ല ഡിവൈഎഫ്‌ഐ പ്രവർത്തകൻ അരുണിന്റെ ഭാര്യയെ സുരക്ഷാ ജീവനക്കാരൻ ആക്രമിച്ച സംഭവത്തിൽ  354–-ാം വകുപ്പ്‌ പ്രകാരം കേസ്‌ രജിസ്‌റ്റർചെയ്‌തിട്ടുണ്ട്‌. എന്നാൽ,  പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറായിട്ടില്ല.  പ്രതി പൊലീസിനുമുന്നിൽ വിലസുകയും ചെയ്യുന്നു.  കീഴടങ്ങിയിട്ടും 
പക തീരുന്നില്ല ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയ ഉടൻ  പ്രതികളായ അഞ്ചുപേരും  പൊലീസിൽ കീഴടങ്ങി. എന്നാൽ, ഇവർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നവരായാണ്‌ പൊലീസും മാധ്യമങ്ങളും കഥ മെനയുന്നത്‌. പെട്ടെന്നുണ്ടായ സംഭവത്തിന്റെ പ്രകോപനമായാണ്‌ അനിഷ്ട സംഭവം. ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന്‌ പൊലീസ്തന്നെ സമ്മതിക്കുന്നു. എന്നിട്ടും  പ്രതികളെ മൂന്ന്‌ ദിവസം കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ്‌ പൊലീസ്‌ ആവശ്യപ്പെട്ടത്‌. തെളിവെടുപ്പ്‌ ആവശ്യമില്ലാത്ത കേസിൽ കൊലപാതക കേസിന്‌ സമാനമായി മൂന്നു ദിവസ കസ്‌റ്റഡി ആവശ്യപ്പെട്ട പൊലീസിന്റെ ദുഷ്ടലാക്ക്‌ വ്യക്തമാണ്‌.  വ്യാജ തെളിവുകൾ നിർമിച്ച്‌ പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യം.  ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരാണ്‌ ഇതിനായി കരുക്കൾ നീക്കിയത്‌.  ഇത്‌ പൊളിഞ്ഞതോടെയാണ്‌ പ്രതികൾ തെളിവെടുപ്പിൽ സഹകരിക്കുന്നില്ല എന്ന കഥമെനഞ്ഞത്‌.    പ്രതികളുടെ വീട്ടുകാരോട്‌ മോശമായാണ്‌ അസി. കമീഷണർ ഉൾപ്പെടെ പെരുമാറിയത്‌. ഗർഭിണിയായ യുവതിയോട്‌ ‘കുട്ടിയെ കാണാൻ ഭർത്താവ്‌ വേണ്ടേ’ എന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥന്റെ ഭീഷണി. പ്രതികളിൽ ഒരാളുടെ ബന്ധുവായ മെഡിക്കൽ കോളേജിലെ റിട്ട. ഡോക്ടറുടെ വീട്ടിലെത്തി പൊലീസ്‌  ഭീഷണി മുഴക്കി. പബ്ലിക്‌ പ്രോസിക്യൂട്ടറുടെ സഹായിയായ അഭിഭാഷകയെ ഡിവൈഎഫ്ഐക്കാർ ഭീഷണിപ്പെടുത്തിയെന്ന വ്യാജ കഥയുമുണ്ടാക്കി. ഇതിനു പിന്നിലും പൊലീസ്‌ ഇടപെടൽ സംശയിക്കുന്നതായി അഡ്വ. എം കെ ദിനേശൻ പറഞ്ഞു.   Read on deshabhimani.com

Related News