കോഴിക്കോട്‌ വീണ്ടും എഫ്എൽടിസികൾ സജ്ജം

പന്നിയങ്കരയിലെ എഫ്എൽടിസിയിൽ ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി കിടക്കകളിൽ വിരിപ്പിടുന്നു


ഫറോക്ക്> കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് കീഴിൽ ഫാറൂഖ് കോളേജിലുൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കുകീഴിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററുകൾ ഒരുങ്ങുന്നു.   രാമനാട്ടുകര നഗരസഭയിലുൾപ്പെട്ട ഫാറൂഖ് കോളേജിൽ കോളേജ് മാനേജ്മെന്റിന്‌ കീഴിലുള്ള സർ സയ്യിദ് ഹോസ്റ്റൽ സമ്പൂർണമായും എഫ്എൽടിസിയാക്കി. ഇവിടെ 210 കിടക്കകളോടുകൂടിയ എല്ലാ സംവിധാനങ്ങളും സജ്ജമാക്കി പ്രവർത്തനം തുടങ്ങി. തിങ്കളാഴ്ച ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി നേരിട്ടെത്തിയാണ് ഹോസ്റ്റൽ കോവിഡ് പരിചരണ കേന്ദ്രമാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പന്നിയങ്കരയിൽ 210 കിടക്കകളും മീഞ്ചന്ത അലങ്കാർ ഓഡിറ്റോറിയത്തിൽ 180 കിടക്കകളുമുള്ള എഫ്എൽടിസികളും ഒരുക്കിയിട്ടുണ്ട്.   ഫാറൂഖ് കോളേജിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ സൗകര്യങ്ങളുണ്ട്. എഫ്എൽടിസികൾ ഒരുക്കുന്നതിൽ രാമനാട്ടുകര, ഫറോക്ക് നഗരസഭകൾ കാര്യമായൊരു നീക്കവും ഇതുവരെയും നടത്തിയിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ജില്ലാ ഭരണകൂടം നേരിട്ടിടപെട്ടാണിപ്പോൾ ഫാറൂഖ് കോളേജിൽ ഹോസ്റ്റൽ ചികിത്സാ കേന്ദ്രമാക്കിയത്.    അതേ സമയം ഫറോക്കിൽ ഇതുവരെയും ഒരു സ്ഥലം കണ്ടെത്താനായിട്ടില്ല. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതിലും നഗരസഭ അലംഭാവം കാട്ടുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.   Read on deshabhimani.com

Related News