---വേണം ഫറോക്കിനൊരു സർക്കാർ ഓഫീസ് കെട്ടിട സമുച്ചയം



ഫറോക്ക്  അടച്ചുപൂട്ടിയ ഫറോക്ക് ചുങ്കം വാണിജ്യനികുതി ചെക്ക് പോസ്റ്റ് സ്ഥലത്ത് വിവിധ സർക്കാർ ഓഫീസുകൾക്കായി മിനി സിവിൽ സ്റ്റേഷൻ മാതൃകയിൽ കെട്ടിട സമുച്ചയം നിർമിക്കണമെന്ന ആവശ്യം ശക്തം. ചുങ്കം ദേശീയ പാതയോരത്ത്‌ 30 സെന്റ്‌ ഭൂമിയിലാണ്  പഴയ ചെക്ക് പോസ്റ്റ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇത്‌ പൊളിച്ചുനീക്കി ഈ സ്ഥലത്ത്, സ്വന്തമായി കെട്ടിടമില്ലാത്ത സർക്കാർ സ്ഥാപനങ്ങൾക്കായി കൂടുതൽ ഓഫീസുകൾ ഉൾപ്പെടുന്ന ഒരു ബഹുനില കെട്ടിട സമുച്ചയം നിർമിക്കുക എന്ന ആശയം നേരത്തെ ഉയർന്നതാണ്.  ആദ്യം ഫറോക്ക് സബ്ട്രഷറി, വില്ലേജ് ഓഫീസ് എന്നിവക്ക്‌ കെട്ടിടം നിർമിക്കാൻ ഭൂമി വിട്ടുനൽകാൻ  നികുതി വകുപ്പ് തീരുമാനിക്കുകയും ട്രഷറിയ്ക്കായി 10 സെന്റ്‌ അനുവദിച്ചതുമാണ്. പാതയോരത്തെ കോടികൾ വിലമതിക്കുന്ന ഭൂമി വിഭജിക്കുന്നത് അശാസ്ത്രീയവും കെട്ടിട നിർമാണത്തിന് സാങ്കേതിക തടസ്സങ്ങൾക്കും കാരണമായേക്കും. ഇതൊഴിവാക്കി കൂടുതൽ സർക്കാർ ഓഫീസുകൾ ഒരിടത്ത് കേന്ദ്രീകരിക്കുന്നതിന് പുതിയ ബഹുനില കെട്ടിട സമുച്ചയം ബേപ്പൂർ മണ്ഡലത്തിനാകെ ഉപകാരപ്രദമാകും.  നിലവിൽ എക്സൈസ് ഫറോക്ക് റേഞ്ച് ഓഫീസ്,  സബ്ട്രഷറി, അസി. ലേബർ ഓഫീസ്, സബ് ആർടിഒ ഓഫീസ്, ഫറോക്ക് വില്ലേജ് ഓഫീസ്, ഐസിഡിഎസ് ഓഫീസ് എന്നിവയെല്ലാം വ്യത്യസ്തയിടങ്ങളിലായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ്. പുതിയ കെട്ടിട സമുച്ചയം വന്നാൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകൾക്കും മോചനമാകും. Read on deshabhimani.com

Related News