ബാലുശേരി താലൂക്കാശുപത്രിയിൽ യുവതിക്ക്‌ സുഖപ്രസവം



ബാലുശേരി പ്രസവമുറിയും അനുബന്ധ സൗകര്യങ്ങളും നിലച്ച ബാലുശേരി താലുക്കാശുപത്രിയിൽ യുവതിക്ക്‌ സുഖപ്രസവം. ഞായർ പുലർച്ചെ നാലരയോടെയാണ് കിനാലൂർ ഓണിവയൽ ലിനീഷിന്റെ ഭാര്യ സൗമ്യയെ പ്രസവവേദനയെ തുടർന്ന് ബാലുശേരി താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്താൽ വഴിയിൽ യുവതിക്കോ കുഞ്ഞിനോ എന്തെങ്കിലും കുഴപ്പമായാലോ  എന്ന സംശയം ഡോക്ടർക്കുണ്ടായി. അപ്പോഴേക്കും കുഞ്ഞിന്റെ തല പുറത്തുവന്നുതുടങ്ങിയിരുന്നു. പ്രസവസംബന്ധമായ സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആർ എസ് അനൂപ്കൃഷ്ണയും നഴ്സുമാരും ജീവനക്കാരും ചേർന്ന് പെൺകുഞ്ഞിനെ പുറത്തെടുത്തു. പ്രാഥമികമായ എല്ലാ ചികിത്സയും നൽകിയശേഷം ശിശുരോഗവിദഗ്‌ധനെ കൂടി കാണിക്കാൻ ഡോ. അനൂപ് ആശുപത്രിയിലെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.  നഴ്സിങ് അസിസ്റ്റന്റ് വത്സല, നഴ്സിങ് ഓഫീസർമാരായ ഫരീദ, ഫസ്ന, സുരക്ഷാജീവനക്കാരി സുജിന എന്നിവർ അടിയന്തരഘട്ടത്തിൽ ഡോക്ടറോടൊപ്പം ചികിത്സക്ക്‌ നേതൃത്വംനൽകി. ഡോ. അനൂപിനും സംഘത്തിനും സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. കെ എം സച്ചിൻദേവ് എംഎൽഎയും ഡോക്ടറെ അഭിനന്ദിച്ചു.   ബാലുശേരി താലൂക്കാശുപത്രിയിൽ പ്രസവമുറിയും വാർഡും നിലച്ചിട്ട് 16 വർഷമായി.  നേരത്തെ നിരവധി പ്രസവം നടന്ന ആശുപത്രിയായിരുന്നു ഇത്. റഫർ ചെയ്യാൻ പറ്റാത്ത അടിയന്തര കേസുകൾ വരുമ്പോൾ ഡ്യൂട്ടി ഡോക്ടർമാരും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. Read on deshabhimani.com

Related News