പട്ടിക കട്ടപ്പുറത്ത്‌; 
വഴങ്ങാതെ രാഘവൻ



സ്വന്തം ലേഖകൻ കോഴിക്കോട്‌ മുതിർന്ന നേതാക്കൾ ഉടക്കിനിൽക്കുന്നതിനാൽ ഡിസിസി ഭാരവാഹി പട്ടിക  കൈമാറാനാകാതെ ജില്ലാ നേതൃത്വം. രണ്ടാഴ്‌ച മുമ്പ്‌ കൈമാറുമെന്ന്‌ പ്രഖ്യാപിച്ച പട്ടിക സംബന്ധിച്ച്‌ അനശ്‌ചിതത്വം തുടരുകയാണ്‌.  ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയതാണ്‌ ജില്ലയിലെ മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചത്‌. മുൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, എംപിമാരായ കെ മുരളീധരൻ, എം കെ രാഘവൻ എന്നിവർ ഇതിനെതിരെ പരസ്യമായി രംഗത്തെത്തി. വിഷയം സംസ്ഥാനതലത്തിൽ വിവാദമായതോടെ നേതാക്കളുമായി ചർച്ചനടത്താൻ ഡിസിസി നേതൃത്വം തയ്യാറായി. എന്നാൽ, ചർച്ചക്ക്‌ വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ്‌ മൂന്ന്‌ നേതാക്കളും.   കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയുമായി ജില്ലയുടെ സംഘടനാചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമും ഡിസിസി പ്രസിഡന്റും സംസാരിച്ചെങ്കിലും മുല്ലപ്പള്ളി  വീട്ടുവീഴ്‌ചക്ക്‌ തയ്യാറായില്ല. വീണ്ടും കൂടിക്കാഴ്‌ചക്ക്‌ ഡിസിസി അനുമതിതേടിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.  കെ മുരളീധരനുമായി നേതൃത്വം ചർച്ചനടത്തിയെങ്കിലും ആരുടെയും പേര്‌ നിർദേശിക്കാൻ  തയ്യാറായില്ല. പട്ടിക പുറത്തുവന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ്‌ മുരളീധരൻ.  എം കെ രാഘവനുമായി ശനിയാഴ്‌ച രാവിലെ ചർച്ചനടന്നെങ്കിലും അദ്ദേഹം വിശദമായി സംസാരിക്കണമെന്ന ആവശ്യമുന്നയിച്ചു. തുടർന്ന്‌ രാത്രി ചർച്ചക്ക്‌ സമയം അനുവദിച്ചെങ്കിലും രാഘവൻ ഒഴിഞ്ഞുമാറി. കൂടിക്കാഴ്‌ചക്ക്‌ ഞായറാഴ്‌ചയും അദ്ദേഹം തയ്യാറായിട്ടില്ല.   രണ്ടു ദിവസത്തിനകം പട്ടിക കൈമാറുമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.  35 ഡിസിസി ഭാരവാഹികളെയും 26 ബ്ലോക്ക്‌ പ്രസിഡന്റുമാരെയുമാണ്‌ നിശ്ചയിക്കേണ്ടത്‌. ഡിസിസിയിലേക്ക്‌ 63 അംഗങ്ങളുടെ പട്ടികയും ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌  46 പേരുടെ പട്ടികയുമാണ്‌ തയ്യാറാക്കിയത്.   Read on deshabhimani.com

Related News