ആശുപത്രി ചികിത്സ വേണ്ടവരുടെ എണ്ണത്തിൽ വർധന

വിദ്യാർഥികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിൽ നിന്ന്


സ്വന്തം ലേഖിക കോഴിക്കോട്‌ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നതിനൊപ്പം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്നവരുടെ എണ്ണവും വർധിക്കുന്നു. ഈ മാസം ആദ്യം സർക്കാർ–-സ്വകാര്യ ആശുപത്രികളിലായി 179 പേരാണുണ്ടായിരുന്നതെങ്കിൽ ഇരട്ടിയിലധികം വർധനയാണിപ്പോൾ. ബുധനാഴ്‌ച വരെയുള്ള കണക്കനുസരിച്ച്‌ 528 പേരാണ്‌ ആശുപത്രികളിലും ഫസ്‌റ്റ്‌ ലൈൻ, സെക്കന്റ്‌ ലൈൻ ചികിത്സാ കേന്ദ്രങ്ങളിലുമുള്ളത്‌. അതേ സമയം ഒന്ന്‌, രണ്ട്‌ തരംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗുരുതര ലക്ഷണങ്ങളുമായി   ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്നത്‌ ആശ്വാസമാണ്‌. ഈ മാസം രണ്ടാമത്തെ ആഴ്‌ച മുതലാണ്‌ ജില്ലയിൽ രോഗവ്യാപനം ശക്തമായത്‌. ആദ്യ ആഴ്‌ച ആകെ രോഗികൾ 2758 ആയിരുന്നപ്പോൾ ആശുപത്രി ചികിത്സയിൽ 179 പേരാണുണ്ടായിരുന്നത്‌. എന്നാൽ രണ്ടാമത്തെ ആഴ്‌ച മുതൽ ടിപിആർ 10നോട്‌ അടുത്തപ്പോൾ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും  സ്വാഭാവികമായ വർധനയുണ്ടായി. ആകെ രോഗികൾ 3644 ആയപ്പോൾ ആശുപത്രിയിൽ 220 പേർ ചികിത്സ തേടി.  ഇക്കഴിഞ്ഞ 16ന്‌ പ്രതിദിന രോഗികൾ 1643 ആണ്‌. ടിപിആർ 30 ശതമാനമായ ഈ ദിവസം 407 പേരാണ്‌ കിടത്തി ചികിത്സയിലുള്ളത്‌. ബുധനാഴ്‌ച 3386 പേർക്കാണ്‌ കോവിഡ്‌.    എന്നാൽ മുൻ വർഷത്തേക്കാൾ ടിപിആർ കുതിക്കുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ താരതമ്യേന വലിയ കുറവാണുള്ളത്‌. ഓക്‌സിജൻ ആവശ്യകതയിലും വലിയ വർധന ഉണ്ടായിട്ടില്ല. കലക്ടർ ചെയർമാനായ സമിതി ഓക്‌സിജൻ വിതരണ നടപടികൾ നിയന്ത്രിക്കുന്നുണ്ട്‌. വാർ റൂം രൂപീകരിച്ച്‌ ഏകോപനം നടത്തേണ്ട ഘട്ടത്തിൽ എത്തിയിട്ടില്ല. സമാന പ്രതിദിന രോഗവർധനയുണ്ടായ 2021 മെയ്‌ ആദ്യ ദിവസങ്ങളിൽ 3000ത്തിന്‌  മുകളിലാളുകളാണ്‌ ആശുപത്രികളിൽ ചികിത്സ തേടിയതെന്ന്‌ ആരോഗ്യ വകുപ്പ്‌ വെബ്‌സൈറ്റുകളിൽ വ്യക്തമാക്കുന്നു. 2021 മെയ്‌ 13ന്‌ 3300ന്‌ മുകളിലാളുകൾ ഐസിയുകളിലുൾപ്പെടെ ചികിത്സയിലുണ്ടായിരുന്നു. വാക്‌സിനേഷനുൾപ്പെടെയുള്ളവയുടെ ഫലമായി ആ നിരക്ക്‌ ഇപ്പോൾ പാതിയിലും താഴെയെത്തി. ഇത്തവണ അങ്ങനെയൊരു പ്രതിസന്ധിയിലേക്ക്‌ പോകില്ലെന്ന നിഗമനത്തിലാണ്‌ ആരോഗ്യവിഭാഗം. Read on deshabhimani.com

Related News