പരിശോധന കൂട്ടും: പ്രതിരോധം 
ശക്തമാക്കാനൊരുങ്ങി കോർപറേഷൻ



സ്വന്തം ലേഖിക കോഴിക്കോട്‌ പരിശോധന കൂട്ടുന്നതടക്കമുള്ള കോവിഡ്‌ പ്രതിരോധ നടപടികൾ ശക്തമാക്കാനൊരുങ്ങി കോർപറേഷൻ. മേയർ ഡോ. ബീനാ ഫിലിപ്പ്‌ അധ്യക്ഷയായുള്ള കോവിഡ്‌ അവലോകന യോഗത്തിലാണ്‌ തീരുമാനം. പഴയ രീതിയിൽ ആന്റിജൻ പരിശോധനകൾ നടത്തണമെന്നും ആന്റിജൻ കിറ്റിന്റെ ലഭ്യത ഉറപ്പാക്കണമെന്നും സർക്കാരിനോട്‌ ആവശ്യപ്പെടും. ആർആർടി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും തീരുമാനിച്ചു. കലക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മാമ്മൻ,  ഡിഎംഒ ഡോ. ഉമ്മർ ഫാറൂഖ്‌, ഡിപിഎം ഡോ. നവീൻ, കോർപറേഷൻ ആരോഗ്യസമിതി  ചെയർപേഴ്‌സൺ ഡോ. എസ് ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.     മറ്റു പ്രധാന തീരുമാനങ്ങൾ കോവിഡ്   ബാധിതരെ  താമസിപ്പിക്കുന്നതിന് ഹോസ്റ്റൽ അധികൃതരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പ്രത്യേക ഭാഗം മാറ്റിവച്ച് വേണ്ട സൗകര്യം ഏർപ്പെടുത്തണം.  ഇക്കാര്യം ആരോഗ്യവിഭാഗത്തെയും ജില്ലാ മെഡിക്കൽ ഓഫീസറെയും അറിയിക്കണം. കാരപ്പറമ്പ് ഹോമിയോ കോളേജിൽ പുതുതായി എസ്എൽടിസി തുടങ്ങും.  വിദേശത്തു നിന്നെത്തുന്നവരുടെ ക്വാറന്റൈൻ മോണിറ്ററിങ്‌ ആർആർടി-യുടെയും  കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കും.  മെഡിക്കൽ ഷോപ്പുകളിൽ നിന്ന്‌ കിറ്റ്‌ വാങ്ങി പരിശോധിക്കുന്നവരുടെ പേരും മൊബൈൽ നമ്പറും രജിസ്റ്ററിൽ രേഖപ്പെടുത്തണം. രജിസ്റ്റർ ഹെൽത്ത് സർക്കിൾ ഓഫീസിൽ ലഭ്യമാക്കാൻ  മെഡിക്കൽ ഷോപ്പുകൾക്ക് നിർദേശം നൽകും.  പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോർപറേഷൻ പരിധിയിലെ ആശുപത്രികളുടെ യോഗം വിളിക്കും.   കോർപറേഷൻ നേരിട്ട് നടത്തുന്ന ഹെൽത്ത് സെന്ററുകൾ,  എൻഎച്ച്എമ്മി-ന്റെ സെന്ററുകൾ,  ആരോഗ്യവകുപ്പിന് കീഴിലുള്ള സെന്ററുകൾ എന്നിവയുടെ പ്രവർത്തന ഏകോപനത്തിന്‌  സംയുക്ത യോഗം വിളിക്കും.  പൊലീസിന്റെ അധീനതയിലുള്ള അക്ഷയപാത്രം പദ്ധതി മുഖേന മാത്രമേ നഗരത്തിൽ തെരുവുകളിലുള്ളവർക്ക് ഭക്ഷണ വിതരണം നടത്താവൂ. നഗരം മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായാണിത്‌.  നാടോടി സംഘങ്ങളെയും ട്രാഫിക് സിഗ്നലുകളിൽ വഴിവാണിഭം നടത്തുന്നവരെയും നിയന്ത്രിക്കുന്നതിനായി പൊലീസിന്റെയും  ആരോഗ്യവിഭാഗത്തിന്റെയും സംയുക്ത പരിശോധന നടത്തും.  മറ്റ്‌ അസുഖങ്ങളുള്ളവർ, വാക്സിനേഷൻ എടുക്കാൻ കഴിയാത്തവർ എന്നിവരെ വാർഡ് സമിതികൾ, വാർഡ് ആർആർടി-കൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം മോണിറ്ററിങ്‌ ചെയ്യും.   Read on deshabhimani.com

Related News