പറന്നുയരാൻ ഡ്രോൺ പൈലറ്റുകൾ

മന്ത്രി പി എ മുഹമ്മദ് റിയാസ് പരിശീലനം പൂർത്തിയാക്കിയ ഡ്രോൺ പൈലറ്റുമാർക്കൊപ്പം ഡ്രോൺ പറത്തുന്നു


ഫറോക്ക്  മാറുന്ന കാലത്തിനും കാഴ്ചയ്ക്കുമൊപ്പം ഡ്രോൺ ക്യാമറയിൽ ചിത്രങ്ങൾ പകർത്താൻ പരിശീലിച്ച് പത്തംഗ സംഘം. വിവിധ ജില്ലകളിൽനിന്ന്‌ തെരഞ്ഞെടുത്ത പത്തുപേരാണ് അസാപ് കേരളയുടെ 96 മണിക്കൂർ  ഡ്രോൺ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. പരിശീലനം നേടിയ ആദ്യ ബാച്ചിന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ സർട്ടിഫിക്കറ്റുകൾ നൽകി. ടൂറിസം, റോഡ് വികസനം, കൃഷി, ദുരന്ത നിവാരണം, വാർത്താവിനിമയം, സിനിമ  തുടങ്ങിയ മേഖലകളിൽ പരിശീലനം നേടിയവരെ പ്രയോജനപ്പെടുത്തും.    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രോൺസ് കോഴിക്കോടുമായി ചേർന്നാണ് അസാപ് കേരള പരിശീലനം നൽകുന്നത്. പഠനത്തോടൊപ്പവും ജോലിയിൽനിന്ന്‌ ഇടവേളയെടുത്തവരും, സ്വയംതൊഴിൽ സംരംഭകരുമെല്ലാം ആദ്യബാച്ചിലുണ്ട്. കോഴ്സിന്റെ സംസ്ഥാനതല പരിശീലന കേന്ദ്രമാണ് ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്‌കൂൾ. 18 വയസ്സിനു മുകളിലുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക്‌ കോഴ്സിൽ ചേരാം. പഠനം പൂർത്തിയാക്കുന്നവർക്ക് ഡിജിസിഎ  സർട്ടിഫിക്കറ്റിനൊപ്പം ഡ്രോൺ പൈലറ്റ് ലൈസൻസും ലഭിക്കും.   ചടങ്ങിൽ ഗവ. ഗണപത് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ പി അജയൻ അധ്യക്ഷനായി. അസാപ്  ജില്ലാ പ്രോഗ്രാം മാനേജർ ബിനീഷ് ജോർജ്, അസാപ്  സ്കിൽ ഡെവലപമെന്റ് പ്രോഗ്രാം മാനേജർമാരായ ഡയാന തങ്കച്ചൻ, ഷിമ വില്യംസ്, സുബിൻ മോഹൻ, രഖില എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News