സി എച്ച് മേൽപ്പാലവും എ കെ ജി മേൽപ്പാലവും 
പുനരുദ്ധരിക്കും: മന്ത്രി



കോഴിക്കോട്‌ നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളായ സി എച്ച് മേൽപ്പാലവും എ കെ ജി മേൽപ്പാലവും അറ്റകുറ്റപ്പണി  നടത്തി പുനരുദ്ധരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഗസ്റ്റ്ഹൗസിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെ വെള്ളക്കെട്ടിനും  അതുവഴിയുണ്ടാകുന്ന ഗതാഗത തടസ്സത്തിനും ശാശ്വതമായ പരിഹാരം കാണുകയാണ് ലക്ഷ്യം. മാവൂർ റോഡ് ഭാഗത്തെ വെള്ളക്കെട്ട്  പരിഹരിക്കാൻ പല കാര്യങ്ങളും ചെയ്തെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. ഈ അവസ്ഥ മാറ്റുകയാണ് പ്രധാന ലക്ഷ്യം. വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഓൺലൈൻ യോഗം ചേർന്നിരുന്നു. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് മുൻവശത്തും അരയിടത്തുപാലത്തുമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ ഇറിഗേഷൻ, കോർപറേഷൻ, പിഡബ്ല്യുഡി എക്സി. എൻജിനിയർമാരുടെ സംയുക്ത പരിശോധന 30നകം പൂർത്തീകരിക്കും. 31 ന് കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കും. പൊറ്റമ്മൽ, പറയഞ്ചേരി ഓടകൾ പരിശോധിക്കും. മൂന്നാലിങ്കൽ ഭാഗത്തെയും ബീച്ച് ആശുപത്രിയുടെയും ഓടകൾ അറ്റകുറ്റപ്പണി നടത്താൻ കെട്ടിട വിഭാഗത്തെ ചുമതലപ്പെടുത്തി.  തടമ്പാട്ടുതാഴം അങ്ങാടിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങൾ 20ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിക്കും. വേങ്ങേരി മാർക്കറ്റിനകത്തെ ഓടകൾ വൃത്തിയാക്കാൻ കൃഷി വകുപ്പിനെയും പൊറ്റമ്മൽ, പാലാഴി റോഡിലെ തുറന്ന ഓടകൾ സ്ലാബിട്ട് മൂടാൻ പൊതുമരാമത്ത് വകുപ്പിനെയും ചെലവൂരിലെ വെള്ളക്കെട്ട്‌ പരിഹരിക്കാൻ ദേശീയപാത വിഭാഗത്തെയും ചുമതലപ്പെടുത്തി. യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ഡോ. ബീന ഫിലിപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News