പച്ചപ്പിന്റെ പുത്തൻ പാഠങ്ങളുമായി ഇതാ ഒരു മാഷും ടീച്ചറും



കോഴിക്കോട‌്  വീടിന് ചുറ്റും വൈവിധ്യമാർന്ന വൃക്ഷങ്ങൾ, അപൂർവയിനം ഔഷധച്ചെടികൾ, സസ്യ ഇനങ്ങളുടെ ശേഖരം... നാം സ്വപ‌്നം കാണുന്ന പച്ചപ്പൊരുക്കുകയാണ‌് ഈ അധ്യാപക ദമ്പതികൾ. ചോറോട് പഞ്ചായത്തിലെ രയരോത്ത് സുഭാഷ് ചന്ദ്രബോസും ഭാര്യ ഇന്ദിരയുമാണ‌് വീടിന‌് ചുറ്റും പ്രകൃതിയുടെ കൂടാരം കെട്ടിയിരിക്കുന്നത‌്. അധ്യാപന ജീവിതത്തിൽനിന്ന‌് വിരമിച്ചതോടെയാണ‌് ഇന്ദിര ചെടികളുടെ ലോകത്തേക്കിറങ്ങിയത‌്. വിരമിച്ച ശേഷം അഭിഭാഷക വൃത്തിയിലേക്ക‌് തിരിഞ്ഞ സുഭാഷ‌് ചന്ദ്രബോസും വൈകാതെ ടീച്ചർക്കൊപ്പം മണ്ണിലിറങ്ങി. പരിചയക്കാരും വിദ്യാർഥികളും സമ്മാനിച്ച സസ്യവൈവിധ്യങ്ങൾ ഇവരുടെ തൊടിയിൽ തളിരിട്ടു.    63 ഇനം വൃക്ഷങ്ങൾ, 90 ഇനം ഔഷധസസ്യങ്ങൾ, 28 തരം വള്ളിച്ചെടികൾ തുടങ്ങി നിരവധി സസ്യലതാദികൾ എഴുപത്‌ പിന്നിട്ട ഇവരുടെ 30 സെന്റ‌് സ്ഥലത്തുണ്ട‌്. സുഭിക്ഷകേരളം പദ്ധതിയിലെ ജൈവഗൃഹം പദ്ധതി പ്രകാരം കോഴിക്കൂട്ടിലേക്ക് കുഞ്ഞുങ്ങൾ, ആട്ടിൻ കൂട്, അസോള കൃഷി എന്നിവയുമുണ്ട‌്. ജലക്ഷാമമുണ്ടായാൽ സമീപവാസികൾക്ക‌് കുടിവെള്ളത്തിനും ആശ്രയം ഈ തൊടിയിലെ മീൻ നിറഞ്ഞ കുളമാണ‌്.  സസ്യശേഖരം കാണാനായി വിദ്യാർഥികളടക്കം നിരവധിയാളുകളാണെത്തുന്നത‌്.  ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ടി എൻ സീമയും ഹരിത കേരളം മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ പി പ്രകാശും ചോറോട‌് പഞ്ചായത്ത‌് പ്രസിഡന്റ‌് വിജില അമ്പലത്തിലും കഴിഞ്ഞ ദിവസം വീട്ടിലെത്തി അഭിനന്ദിച്ചു.  ആയിരം പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി അഭിനന്ദനപത്രവും കൈമാറി. തങ്ങളുടെ താല്പര്യത്തോടൊപ്പം നാടിനും സമൂഹത്തിനും കൂടിയാണ് ഈ ശേഖരമെന്ന് ഇരുവരും പറയുന്നു.  Read on deshabhimani.com

Related News