പുതിയ ഊർജപ്രവാഹത്തിലേക്ക്‌ കുറ്റ്യാടി



കോഴിക്കോട്‌  പുതിയ ഊർജപ്രവാഹത്തിനായിതാ കുറ്റ്യാടി പദ്ധതി ഒരുങ്ങുന്നു. നവീകരണം പൂർത്തിയാകുന്നതോടെ ഏഴര മെഗാവാട്ട്‌ ഉൽപ്പാദനം വർധിപ്പിക്കാമെന്നാണ്‌ പ്രതീക്ഷ. 238 കോടിയുടെ വികസന –-നവീകരണ പദ്ധതിയാണ്‌ അരങ്ങേറുന്നത്‌. കാലപ്പഴക്കം വന്ന യന്ത്രങ്ങളുടെ നവീകരണം 120 കോടി രൂപ മുടക്കിയാണ്‌. പൊതുമേഖലാ സ്ഥാപനമായ ഭെൽ ആണ്‌ പ്രവൃത്തി ഏറ്റെടുത്തത്‌. ‌    1972ൽ കക്കയം കേന്ദ്രമായി തുടങ്ങിയ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിൽ നിന്നിപ്പോൾ 231.75 മെഗാവാട്ടാണ്‌ ഉൽപ്പാദനം. നവീകരണത്തോടെ 239.25 ആകും. 25 മെഗാവാട്ടിന്റെ മൂന്ന്‌ യന്ത്രങ്ങളാണ്‌ കാലപ്പഴക്കത്താൽ മാറ്റുന്നത്‌.  ഭെൽ ഈ മാസാവസാനം പ്രവൃത്തി ഊർജിതമാക്കും. മൂന്ന്‌ വർഷത്തിനകം നവീകരണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമെന്ന്‌ കുറ്റ്യാടി പദ്ധതി അസി. എക്‌സി. എൻജിനിയർ എൻ ഇ സലീം പറഞ്ഞു.   ഐഐടി റൂർക്കിയുടെ നിർദേശാനുസൃതം 50 മെഗാവാട്ടിന്റെ പ്രത്യേക പെൻസ്‌റ്റോക്കിന്റെ പണിയും ടെൻഡർ വിളിച്ചു. 108 കോടി ചെലവിലാണിത്‌. കോഴിക്കോട്‌ ഭാഗത്തേക്കുള്ള വൈദ്യുതിയുടെ തടസമില്ലാത്ത പ്രവാഹത്തിന്‌ സ്വിച്ച്‌ യാർഡും നവീകരിക്കുന്നു. 30 കോടിയുടെ  പ്രവൃത്തി കെഎസ്ഇബി നേരിട്ടാണ്‌ നടത്തുന്നത്‌. 48 വർഷം പിന്നിട്ട കുറ്റ്യാടി പദ്ധതിയുടെ വികസനം എല്ലാം നടപ്പായത്‌ എൽഡിഎഫ്‌ ഭരണത്തിലായിരുന്നു. Read on deshabhimani.com

Related News