ഉയരക്കുറവിലും തെറ്റാത്ത ചുവടുമായി വലിയ ഗുരുക്കൾ



കുറ്റ്യാടി അങ്കത്തിനും അടവുകൾക്കും പുകൾപെറ്റ കടത്തനാടൻ കളരിയിൽ അടിയും ചുവടും തെറ്റാതെ ഒരു ‘ചെറിയ’ വലിയ മനുഷ്യൻ. തൊണ്ണൂറ്റിഒന്നിലും ചെറുപ്പത്തിന്റെ ചുറുചുറുക്കാണ്‌ കളരിപ്പയറ്റ്‌ വിഭാഗത്തിൽ ഫോക്‌ലോർ അവാർഡ്‌ നേടിയ കായക്കൊടി മഠത്തിൽ ഒതേനൻ ഗുരുക്കൾക്ക്‌. വട്ടോളി മഠത്തിൽ കണ്ണൻ–-അമ്മാളു ദമ്പതികളുടെ ഏകമകനായ ഒതേനൻ ഏഴാം വയസ്സിലാണ്‌ കളരിയിലിറങ്ങിയത്‌. ശങ്കരൻ നമ്പ്യാർ ഗുരുക്കളുടെ കീഴിൽ പരിശീലിച്ച്‌ കടത്തനാടൻ കളരിയിൽ ചുവടുറപ്പിച്ചു. തുളുനാടൻ, വള്ളുവനാടൻ, കടത്തനാടൻ കളരിയും അഭ്യസിച്ചു. ചൊക്ലിയിലെ കുഞ്ഞമ്പു ഗുരുക്കളുടെ കീഴിൽ പതിമൂന്നുവർഷം ചികിത്സയും അഭ്യസിച്ചു.  നാലടി മാത്രമാണ്‌ ഒതേനൻ ഗുരുക്കളുടെ ഉയരം. പൊക്കക്കുറവ്‌ മെയ്‌വഴക്കത്തിനും അഭ്യാസമുറകൾക്കും തടസ്സമായിട്ടില്ലെന്ന്‌ ഗുരുക്കൾ പറയുന്നു.  കളരിയും അഭ്യാസവുമാണ് ആരോഗ്യരഹസ്യം. വിദേശികളടക്കം നിരവധിയാളുകൾ കളരി പഠിക്കാനെത്തുന്നുണ്ട്‌.  കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി ആയിരത്തിലധികം ശിഷ്യരുണ്ട്‌.     മക്കളായ അജയനും സുഗുണനും അനിതയും അജിതയും അഖിലയും കളരി അഭ്യാസികളാണ്‌. അജയനും സുഗുണനും അജിതയും  തിരക്കേറിയ ഗുരുക്കന്മാരുമാണ്‌. ഒതേനൻ തടവലും ചവുട്ടിയുഴിച്ചിലും നാഡീചികിത്സയും നടത്തുമ്പോൾ സ്‌ത്രീകൾക്കായുള്ള ഉഴിച്ചിൽ അജിതയാണ്‌. കുറ്റ്യാടിയിലെ നാഗാർജുന  ഔഷധശാലയിൽ കിടത്തി ചികിത്സയും നടത്തുന്നുണ്ട്‌. നല്ലൊരു കർഷകൻകൂടിയായ ഇദ്ദേഹത്തിന്‌ മികച്ച കർഷക അവാർഡും കിട്ടിയിട്ടുണ്ട്‌. മാതുവാണ്‌ ഭാര്യ.  Read on deshabhimani.com

Related News