അസമിൽ തെളിയണം ‘ജ്യോതി’

ജ്യോതി സിനിമയുടെ ചിത്രീകരണത്തിനിടെ


  കോഴിക്കോട്‌ എഴരപ്പതിറ്റാണ്ട്‌ മുമ്പുള്ള കേരള ഗ്രാമങ്ങളിലെ കാഴ്‌ചയെന്ന്‌ തോന്നുന്ന കാര്യങ്ങളാണ്‌  ജ്യോതിയെന്ന ചെറു സിനിമയിലൂടെ ആദ്യം മനസ്സിലെത്തുക. പക്ഷേ, സ്‌ക്രീനിൽ  തെളിയുന്നത്‌ ഒട്ടും പഴയതല്ലാത്ത അസമിലെ കാഴ്‌ചകൾ. മലയാളി പിന്നണി പ്രവർത്തകരാണ്‌ അസമിന്റെ വിദ്യാഭ്യാസ, ജീവിതാവസ്ഥ വിവരിക്കുന്ന സിനിമ പുറത്തിറക്കിയത്‌.  നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള വേർതിരിവുകൾ, വികസന മുരടിപ്പ്, വിദ്യാഭ്യാസമില്ലായ്മ എന്നിങ്ങനെ കണ്ണ്‌ നനയിക്കുന്ന കാഴ്‌ചകളാണ്‌ സിനിമയിൽ.  സ്കൂൾമുറ്റം പോലും  കാണാൻ ഭാഗ്യമില്ലാത്ത ബാല്യങ്ങൾ. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം  അറിയാത്ത രക്ഷിതാക്കൾ.  തീരാത്ത  ദാരിദ്ര്യത്തിന്റെയും വികസനമില്ലായ്മയുടെയും കാരണം വിദ്യാഭ്യാസക്കുറവാണെന്ന്‌ സിനിമ പറയുന്നു. അസമീസ്‌ ജനതയെ ഇക്കാര്യം ബോധ്യപ്പെടുത്താനാണ്‌ കോഴിക്കോട്ടുകാരായ പിന്നണി പ്രവർത്തകർ ചിത്രമൊരുക്കിയത്‌.    തദ്ദേശീയരുടെ അഭിനയവും  അസമിന്റെ പ്രകൃതിഭംഗിയും സിനിമയെ ആകർഷകമാക്കുന്നു.  ബ്രഹ്മപുത്രയുടെ തീരത്തായിരുന്നു ചിത്രീകരണം. അസമി ഭാഷയിൽ ഒരുക്കിയ ചിത്രത്തിന് ഇംഗ്ലീഷ് സബ്ടൈറ്റിലുമുണ്ട്. ഫൈസൽ ഹുസൈനാണ് രചനയും ചിത്രസംയോജനവും സംവിധാനവും. ചിത്രീകരണം സി കെ ഫഹദും പശ്ചാത്തല സംഗീതം സിബു സുകുമാരനുമാണ്‌. ഫോക്കസ് ഇന്ത്യയാണ് നിർമാണം. അസമിന്റെ ഉൾഗ്രാമങ്ങളിലും  ചിത്രം വ്യാപകമായി പ്രദർശിപ്പിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത  ‘ജ്യോതി’  ഇതിനകം ആറായിരം പേർ കണ്ടിട്ടുണ്ട്‌. Read on deshabhimani.com

Related News