47 ആശുപത്രികളിൽ ഇ -ഹെൽത്ത്‌ ക്യൂവില്ല; കാത്തിരിപ്പും



 കോഴിക്കോട്‌ രോഗത്തിന്റെ അവശത സഹിച്ച്‌ ഡോക്ടറുടെ പരിശോധനാമുറിക്ക്‌ മുന്നിൽ മണിക്കൂറുകൾ ക്യൂനിൽക്കുന്നതുപോലെ മടുപ്പുളവാക്കുന്ന മറ്റൊന്നുണ്ടാവില്ല. ആശുപത്രിയിൽ പലയിടത്തുമുണ്ട്‌ അത്തരം ക്യൂ. ഒപി ടിക്കറ്റ്‌ വാങ്ങുന്നിടത്തും ലാബിലും ഫാർമസിയിലും അങ്ങനെ എല്ലായിടത്തും മിനിറ്റുകൾ മുതൽ മണിക്കൂറുകൾവരെ കാത്തിരിക്കേണ്ടിവരാറുണ്ട്‌. ആശുപത്രിയിലെ ഈ വരിനിൽക്കലാണ്‌ ഇ- ഹെൽത്ത്‌ അവസാനിപ്പിക്കുന്നത്‌. പരിശോധനാഫലം മൊബൈൽ ഫോണിൽ എത്തുന്നതിനൊപ്പം രോഗിയുടെ ആരോഗ്യവിവരങ്ങളെല്ലാം  കൈകളിലെത്തും. മികച്ച ചികിത്സ അതിവേഗവും സുഗമമായും ലഭ്യമാക്കുന്ന പദ്ധതി ജില്ലയിൽ 47 ആരോഗ്യകേന്ദ്രങ്ങളിൽ  സജ്ജമായി. 25 ആരോഗ്യകേന്ദ്രങ്ങൾ ഈ വർഷത്തിനകം ഇ -ഹെൽത്താവും.     ഓൺലൈൻ ബുക്കിങ്‌, റഫറൻസ്‌, ഫാർമസി –- ലാബ്‌ സംവിധാനങ്ങളെല്ലാം പൂർണമായി 16 കേന്ദ്രങ്ങളിലാണ്‌ ലഭിക്കുന്നത്‌. രോഗികൾക്ക്‌ നൽകിയ യുണീക്‌ ഹെൽത്ത്‌ ഐഡന്റിഫിക്കേഷൻ നമ്പറാണ്‌ ഉപയോഗിക്കുക. ആരോഗ്യവകുപ്പിന്റെ ഇ -ഹെൽത്ത്‌ വെബ്‌സൈറ്റ്‌ വഴി മുൻകൂട്ടി ബുക്ക്‌ ചെയ്യാം. അത്തോളി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ, ബേപ്പൂർ, ചങ്ങരോത്ത്‌, മാവൂർ, പുതിയാപ്പ, അഴിയൂർ, കക്കോടി, ചങ്ങരോത്ത്‌ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കല്ലുനിര, പയ്യോളി അർബൻ പിഎച്ച്‌സികളിലുമാണ്‌ ഇ ഹെൽത്ത്‌ സേവനം ലഭ്യമാകുക.     ഗവ. മെഡിക്കൽ കോളേജിലെ ചെസ്റ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, ഐഎംസിഎച്ച്‌ എന്നിവ ഉൾപ്പെടെ 22 ആരോഗ്യ കേന്ദ്രങ്ങളിൽ ഒപി, ബുക്കിങ്‌, ഫാർമസി തുടങ്ങിയ സൗകര്യങ്ങൾ ഓൺലൈനായി. ആദ്യ ഘട്ടത്തിൽ 12  കേന്ദ്രങ്ങളിലാണ്‌   നടപ്പാക്കിയത്‌. രണ്ടാം ഘട്ടത്തിലെ 28 കേന്ദ്രങ്ങളിൽ 21 ഇടങ്ങളിൽ സജ്ജീകരണം പൂർത്തിയായി. നൊച്ചാട്‌, മണിയൂർ കേന്ദ്രങ്ങളുടെ ഉദ്‌ഘാടനം രണ്ടാഴ്‌ചക്കുള്ളിൽ നടക്കും.    എംഎൽഎ ഫണ്ട്‌ ഉപയോഗിച്ച്‌ ഒരുക്കുന്ന 11 ആരോഗ്യ കേന്ദ്രങ്ങളിൽ വടകര ജില്ലാ ആശുപത്രിയടക്കം ഒമ്പതിടത്താണ്‌ ഇ -ഹെൽത്ത്‌. താമരശേരി താലൂക്ക്‌ ആശുപത്രി, കോട്ടപ്പറമ്പ്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയിൽ ടെൻഡർ നടപടി പുരോഗമിക്കുന്നു. നാഷണൽ അർബൻ ഹെൽത്ത്‌ മിഷൻ നേതൃത്വത്തിൽ അഞ്ച്‌ യുപിഎച്ച്‌സികളുമാണ്‌ ഇ -ഹെൽത്താക്കിയത്‌.   Read on deshabhimani.com

Related News