അനധികൃത മീൻപിടിത്തം വളം നിർമാണത്തിനായി ഊറ്റുന്നത് 
ടൺ കണക്കിന് ചെറുമീൻ

വളത്തിനായി ഉപയോഗിക്കുന്ന മത്സ്യവും ഭക്ഷ്യയോഗ്യമല്ലാത്ത കടൽ 
ജീവികളും ലോറിയിൽ കയറ്റാൻ കൊണ്ടുപോകുന്നു


  ഫറോക്ക്  ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന്‌ ദിവസേന കടത്തുന്നത് ടൺ കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവും ചെറുമീനും കടൽജീവികളും. അയൽ സംസ്ഥാനങ്ങളിലെ വളം നിർമാണ കമ്പനികളിലേക്കാണിവ   അയക്കുന്നത്. ഹാർബർ കേന്ദ്രീകരിച്ചുള്ള ലോബിയാണ് വഴിവിട്ട മീൻപിടിത്തത്തിനും അനധികൃത കയറ്റുമതിക്കും പിന്നിൽ. ചെറു മത്സ്യങ്ങളെയും കടൽ ജീവികളെയും പിടിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലക്ക് നിലനിൽക്കെയാണ് നിരവധി ബോട്ടുകൾ വളത്തിനുവേണ്ടിയുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കാൻ കടലിലിറങ്ങുന്നത്‌. ഓരോ  ദിവസവും 5, 10 ടൺ ശേഷിയുള്ള  അഞ്ചുമുതൽ 15 വരെ ഇൻസുലേറ്റ് ലോറികളാണ്  സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വളം നിർമാണ കമ്പനികളിലേക്ക് ഇവ കയറ്റിപ്പോകുന്നത്. പുലർച്ചെയാണ് കൂടുതൽ കയറ്റുമതി നടക്കുന്നത്. പുതിയ ഫിഷറീസ് സ്റ്റേഷൻ നിർമാണത്തെ തുടർന്ന് ഫിഷറീസ് അസി.ഡയറക്ടർ കാര്യാലയം വെള്ളയിലേക്ക് മാറ്റിയത്‌ ഇത്തരം സംഘങ്ങൾക്ക്‌ കൂടുതൽ സൗകര്യമായി. നിരോധിക്കപ്പെട്ട കണ്ണിയടുപ്പമുള്ള വലകളുപയോഗിച്ച് കടലിന്റെ അടിത്തട്ടൊന്നാകെ  കോരിയെടുക്കപ്പെടുമ്പോൾ പൂർണ വളർച്ചയെത്തേണ്ട നിരവധിയിനം മത്സ്യങ്ങളാണ് നശിക്കുന്നത്.   ചെറു ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും കടലിൽ വലവിരിച്ചാൽ നിരാശയോടെ മടങ്ങേണ്ട ഗതികേടാണ്. Read on deshabhimani.com

Related News