ഇന്ന് വായന ദിനം വായനക്കെന്തെന്ത്‌ വെളിച്ചം

പി വി ബാലകൃഷ്ണൻ വായനയിൽ


വടകര തൊണ്ണൂറിലും വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകമാണ്‌ ബാലകൃഷ്‌ണൻ. ജീവിതാന്ത്യംവരെയും മനുഷ്യൻ വിദ്യാർഥിയാണെന്ന്‌ കരുതുന്ന അധ്യാപകൻ. മണിയൂരിലെ പറമ്പത്ത് പി വി ബാലകൃഷ്ണന്റെ ഓരോ ദിനവും ആരംഭിക്കുന്നതും അവസാനിക്കുന്നതും പുസ്‌തകങ്ങളിലാണ്‌. രാവിലെ ഏഴിന്‌ തുടങ്ങുന്ന വായന രാത്രി ഒമ്പതര വരെ നീളും. ഉച്ചയ്ക്ക് ഒരു മണിക്കൂർ  ഉറക്കമൊഴിച്ചാൽ ബാക്കി സമയമത്രയും പുസ്തകങ്ങളാവും കൈയിൽ. 1956ൽ ഫറോക്കിലെ കരിങ്കല്ലായി ഗവ. എൽപി സ്കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. കൗമാരക്കാലത്ത്‌ കുറ്റ്യാടി പുഴ കടന്ന് കീഴൂർ ജ്ഞാനോദയ ലൈബ്രറിയിൽ തുടങ്ങിയതാണ്‌ വായന. പ്രൊഫ. എം കെ സാനു പുനരാഖ്യാനം ചെയ്ത തുഞ്ചത്ത് എഴുത്തച്ഛന്റെ  ‘ശ്രീ മഹാഭാഗവതവും' സി രാധാകൃഷ്ണന്റെ ‘ഗീതാദർശനവു'മാണ് കൂടുതൽ തവണ വായിച്ച പുസ്തകങ്ങൾ. മണിയൂർ ജനതാ ലൈബ്രറി സെക്രട്ടറിയായി 20 വർഷം പ്രവർത്തിച്ചു. ലൈബ്രറിയിലെ പതിനാറായിരത്തിൽപരം പുസ്തകങ്ങളിൽ ഭൂരിഭാഗവും വായിച്ചു. 1987ൽ മുകപ്പൂർ ഗവ. എൽപി സ്കൂളിൽനിന്ന്‌ പ്രധാനാധ്യാപകനായി വിരമിച്ച അദ്ദേഹത്തിന്‌ മൂവായിരം പുസ്തകങ്ങളുള്ള ലൈബ്രറിയും സ്വന്തമായുണ്ട്. എഴുത്തുകാരിൽ സി രാധാകൃഷ്ണനും ഒ എൻ വിയും ഏറെ പ്രിയപ്പെട്ടവരാണ്. ഇവരുടെ മുഴുവൻ പുസ്തകങ്ങളും ഒന്നിലേറെ തവണ വായിച്ചു. ഒഎൻവിയുമായി കത്തിടപാടിലൂടെ ദീർഘകാലം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഐ വി ദാസുമായും തായാട്ട് ശങ്കരനുമായും ഉറ്റസൗഹൃദം.  വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതികളുടെ ഇതിവൃത്തം മനഃപാഠം. വിവർത്തന സാഹിത്യത്തോടും ഏറെ പ്രിയമുണ്ട്‌. ശാരീരിക വിഷമതകൾ ഉണ്ടെങ്കിലും വായനയാണ്‌ ജീവിതത്തെ പ്രസരിപ്പുള്ളതാക്കുന്നതെന്ന്‌ ബാലകൃഷ്ണൻ പറയുന്നു.  മകൻ ബി സുരേഷ് ബാബുവാണ് ലൈബ്രറിയിൽനിന്ന്‌  പുസ്തകങ്ങൾ ആഴ്‌ചതോറും വീട്ടിൽ എത്തിച്ചുനൽകുന്നത്. Read on deshabhimani.com

Related News